എറണാകുളം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനം രാജിവയ്ക്കുന്നതിലൂടെ നിയമലംഘനം നടത്തുകയാണുണ്ടായതെന്ന ആരോപണങ്ങൾ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ സ്ഥാനം തന്‍റെ ഭരണഘടന ചുമതല അല്ലെന്നും അങ്ങനെയാണെങ്കിൽ മാത്രമേ സ്ഥാനം ഒഴിയുന്നതിൽ തന്നെ കുറ്റപ്പെടുത്താൻ കഴിയൂ എന്നും ഗവർണർ പറഞ്ഞു.
കേരള നിയമസഭയാണ് നിയമം പാസാക്കി തനിക്ക് ഗവർണർ സ്ഥാനം നൽകിയത്. നിയമം പാസാക്കിയവർ തന്നെ ദിവസവും നിയമലംഘനം നടത്തുന്നത് കണ്ടാൽ താൻ എന്ത് ചെയ്യണമെന്നും ഗവർണർ ചോദിച്ചു. ചാൻസലർ സ്ഥാനത്ത് താൻ തുടരാൻ ആഗ്രഹിക്കാത്ത തരത്തിൽ പലതും സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ദേശീയ സ്ഥാപനങ്ങൾ ഉൾപ്പെടുന്നതിനാൽ അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനം നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരാമർശം നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം.
ചാൻസലർ പദവി ഒഴിയാനുള്ള തീരുമാനമെടുക്കാൻ ഗവർണർക്ക് അധികാരമില്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരം എല്ലാ സർവകലാശാലകളുടെയും ചാൻസലർ ഗവർണർ ആണ്. നിയമത്തിൽ ഭേദഗതി വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് ചാൻസലർ എന്ന നിലയിലുള്ള ചുമതലകൾ ഗവർണർ നിർവഹിക്കണം. ചാൻസലർ ആയി പ്രവർത്തിക്കാൻ പോകുന്നില്ല എന്നതിനർഥം നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ അനുസരിക്കാൻ തയാറല്ല എന്നാണ്. തീരുമാനം നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ നിയമത്തിന് അതീതനായ ആളല്ലെന്നുമായിരുന്നു വി.ഡി സതീശന്‍റെ പരാമർശം.
സർവകലാശാലകളിലെ നിയമന വിഷയത്തിൽ ഡിസംബർ 18ന് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ വിമർശനമുന്നയിച്ച ഗവർണർ സർവകലാശാലകളിൽ രാഷ്‌ട്രീയ അതിപ്രസരം ആണെന്നും അത്തരമൊരു സാഹചര്യത്തിൽ തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും പ്രതികരിച്ചിരുന്നു. ചാൻസലർ പദവി മുഖ്യമന്ത്രിക്ക് കൈമാറുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യമുന്നയിച്ചിരുന്നു.
Also Read: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം; അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി