എറണാകുളം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് സർക്കാർ. ഹർജി ഇന്ന് പരിഗണിക്കവെയാണ് സർക്കാർ ഇതിനെ തുറന്നെതിർത്തത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹർജിക്കാരനെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം ഹർജിയുമായെത്തിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സർക്കാരിന്‍റെ വാദം.എന്നാൽ മറ്റ് കേസുകൾ നേരിടുന്നു എന്നത് ഹർജി സമർപ്പിക്കുന്നതിന് തടസമല്ലെന്ന് കോടതി സർക്കാരിനെ ഓർമിപ്പിച്ചു.
സമാന ആവശ്യമുയർത്തി സമർപ്പിച്ച ഹർജികൾ നേരത്തെ കോടതി തീർപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മന്ദഗതിയിലാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹർജി ചൊവ്വാഴ്‌ചത്തേക്ക് മാറ്റിയിട്ടുണ്ട്.
സ്വപ്‌ന സുരേഷിന്‍റെയും സരിത്തിന്‍റെയും വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി, പി.ശ്രീരാമകൃഷ്‌ണൻ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ കസ്‌റ്റംസിനും ഇ.ഡിയ്ക്കും നിർദേശം നൽകണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.