കൊച്ചി: അതിർത്തി തുറക്കില്ലെന്ന് ആവർത്തിച്ച് കർണാടക. കേരള- കർണാടക അതിർത്തി അടച്ചത് കേന്ദ്ര നിർദ്ദേശം പാലിച്ചാണെന്നും കാസർകോഡ് അതിർത്തി തുറക്കില്ലെന്നും കർണാടക സർക്കാർ ആവർത്തിച്ചു. കേന്ദ്ര നിർദേശ പ്രകാരമാണ് അതിർത്തി അടച്ചത്. മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ കൂടുതല്‍ സമയം വേണമെന്നും പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്യണമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍ സാവകാശം തേടി.
അതേസമയം, കേരളത്തിലെയും കർണാടകയിലെയും ആളുകളെ വേർതിരിച്ച് കാണാനാവില്ലെന്ന് കോടതി. എല്ലാവരും രാജ്യത്തെ പൗരന്മാരാണെന്നും കോടതി ചൂണ്ടികാട്ടി. പ്രശ്‌ന പരിഹാരത്തിനായി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു.
കർണാടകയുടെ നടപടി മനുഷ്യത്വരഹിതമാണെന്നും കർണാടക അതിർത്തി ലംഘിച്ചെന്നും കേരളം ഹൈക്കോടതിയെ അറിയിച്ചു. കാസർകോട്- മംഗലാപുരം അതിർത്തിയിലെ പത്തോർ റോഡ് അതിക്രമിച്ച് കയറിയാണ് കർണാടക അടച്ചതെന്ന് കേരളം. അതിർത്തി ലംഘിച്ച് 200 മീറ്റർ കയറിയാണ് കർണാടക മണ്ണിട്ടത്.
രോഗികൾക്ക് ചികിത്സ നല്‍കാൻ തയ്യാറായ മംഗലാപുരത്തെ ആശുപത്രികളുടെ കത്തും കേരളം ഹൈക്കോടതിയില്‍ സമർപ്പിച്ചു. മംഗലാപുരത്തെ ആശുപത്രികൾ നിറഞ്ഞെന്ന വാദം തെറ്റാണെന്നും കേരളം അറിയിച്ചു. രോഗം പടരാതിരിക്കാനാണെന്ന് അതിർത്തി അടച്ചത് എന്നാണ് കർണാടകയുടെ വാദം. അതിർത്തി കടത്തി വിടാത്തതിനെ തുടർന്ന് ഇതുവരെ ആറ് രോഗികളാണ് കാസർകോട് ജില്ലയില്‍ മരിച്ചത്.