എറണാകുളം: കൊച്ചി മെട്രോയുടെ തൈക്കുടം- പേട്ട സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എറണാകുളം എസ്.എൻ ജംഗ്ഷൻ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പാതയുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. അടുത്ത വർഷം ഒക്‌ടോബറിൽ ഈ പാത കമ്മിഷൻ ചെയ്യാനാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ കാക്കനാട് പാതക്ക് ഉടൻ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ചടങ്ങിന്‍റെ അധ്യക്ഷത വഹിച്ചു. കൊച്ചി വാട്ടർ മെട്രോ അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്ന് അദേഹം പറഞ്ഞു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന് പുതിയ പാതയിലൂടെയുള്ള മെട്രോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചിയിലെ ജനപ്രതിനിധികൾ പേട്ട സ്റ്റേഷനിലെത്തി ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചടങ്ങ് നടന്നത്. ഇതോടെ ആലുവ മുതല്‍ പേട്ട വരെ നീളുന്ന കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടമാണ് പൂർത്തിയായത്. തൈക്കുടം മുതല്‍ പേട്ട വരെയുള്ള അവസാന റീച്ച് നേരത്തെ പൂർത്തിയായെങ്കിലും ലോക്ക് ഡൗൺ കാരണം ഉദ്ഘാടനം നീണ്ടു പോകുകയായിരുന്നു. മൂന്നര വർഷം കൊണ്ട് നിർമാണം പൂര്‍ത്തിയാക്കാൻ ലക്ഷ്യമിട്ട ഒന്നാംഘട്ടം ഏഴ് വര്‍ഷം കൊണ്ടാണ് പൂർത്തിയാക്കിയത്.
2013 ജൂണിലാണ് മെട്രോയുടെ നിര്‍മാണം ആരംഭിച്ചത്. പേട്ട വരെ നീളുന്ന കൊച്ചി മെട്രോയ്ക്ക് 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 22 സ്റ്റേഷനുകളാണുള്ളത്. ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുള്ള സാധ്യത കുറവാണ്. ഡിഎംആർസിയുടെ മേല്‍നോട്ടത്തിലായിരുന്നു ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കാക്കനാട് വരെ നീളുന്ന രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.