എറണാകുളം : ബഫര്‍ സോണ്‍ വിഷയത്തില്‍ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടല്‍ നടത്തണമെന്ന് കെസിബിസി. കൃത്യമായ വിവരങ്ങളുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ വിഷയത്തില്‍ ആവശ്യമായ ഭേദഗതികള്‍ക്ക് സുപ്രീം കോടതി സന്നദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
കെസിബിസിയുടെ ഔദ്യോഗിക പ്രസ്‌താവന : കേരള സര്‍ക്കാര്‍ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പരിസ്ഥിതിലോല മേഖലയിലുള്ള ജനവാസ മേഖലകളുടെയും അവിടെയുള്ള ഭവനങ്ങള്‍, സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര നിര്‍മിതികള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെയും കണക്കെടുക്കുവാന്‍ റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍ററിനെയാണ് ചുമതലപ്പെടുത്തിയത്. പ്രസ്‌തുത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വസ്‌തുതാപരിശോധന പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നേരിട്ട് നടത്തുന്നതിനായി ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായി ഒരു അഞ്ചംഗ വിദഗ്‌ധ സമിതിയെയും സെപ്റ്റംബറില്‍ നിയോഗിച്ചു. ഈ സമിതിക്ക് 115 പഞ്ചായത്തുകളിലും നേരിട്ട് എത്തി പരിശോധന നടത്തുന്നതിന് സാവകാശം കിട്ടിയെന്ന് കരുതാനാവില്ല.
Also Read: ബഫര്‍ സോണ്‍ വിഷയം : 'സമരത്തില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറണം' ; ആവശ്യവുമായി വനം മന്ത്രി
അതിനാല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തി സമയബന്ധിതമായി വസ്‌തുതാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ജനങ്ങള്‍ക്ക് സഹായകരമായിരിക്കും. വന്യജീവി സങ്കേതങ്ങള്‍ ജനവാസ കേന്ദ്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത വനത്തിന്‍റെ ഒരു കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്.