ആലപ്പുഴ : കായംകുളം ടൗണ്‍ യു.പി സ്‌കൂളിൽ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ പരിശോധന നടത്തി അധികൃതര്‍. ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവുമാണ് പരിശോധന നടത്തിയത്. പഴകിയ അരിയും ഭക്ഷ്യധാന്യങ്ങളും സ്‌കൂളിൽ നിന്ന് പിടിച്ചെടുത്തു.
വിഷബാധയേറ്റ് നിരവധി വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയിന്മേലാണ് നടപടി. സംഭവത്തെ ഗൗരവമായി കാണുന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കായംകുളം നഗരസഭ അധ്യക്ഷ പി ശശികല പറഞ്ഞു.
കുട്ടികളുടെ സ്ഥിതി തൃപ്‌തികരം : ശനിയാഴ്‌ച രാത്രി മുതൽ വിദ്യാർഥികൾക്ക് തുടർച്ചയായ ഛര്‍ദ്ദിയും വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈദ്യപരിശോധനയിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നും തുടർന്നാണ് ചർദ്ദിയും വയറിളക്കവും ഉണ്ടായതെന്നും ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്‌തികരമാണ്. കൂടുതൽ വിദഗ്‌ധ പരിശോധനക്കായി കുട്ടികളുടെ വിസർജ്യ സാമ്പിളുകൾ ശേഖരിച്ച് വരികയാണ്. ഭക്ഷണം, വെള്ളം എന്നിവയില്‍ നിന്നാണോ വിഷബാധ ഉണ്ടായതെന്നത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂ.
സംഭവത്തിൽ ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച നിർദേശം.