എറണാകുളം: സംസ്ഥാനത്തെ മൂന്ന് ഗവൺമെന്‍റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നിയമനത്തിന് സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാനും അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നൽകി.
എറണാകുളം ലോ കോളജിലെ അധ്യാപകൻ ഡോ ഗിരിശങ്കർ നൽകിയ പരാതിയിലാണ് മൂന്ന് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ്. പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും അർഹരായവർക്ക് നിയമനം ലഭിച്ചില്ലെന്നുമായിരുന്നു പരാതി. ഇത് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു.
തിരുവനന്തപുരം, തൃശൂർ, എറണാകുളം ലോ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നാണ് ട്രൈബ്യൂണലിന്‍റെ കണ്ടെത്തൽ. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ട്രൈബ്യൂണല്‍ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാനും നിർദേശം നൽകി. കോഴിക്കോട് ലോ കോളജ് പ്രിൻസിപ്പലിന്‍റെ നിയമനവും ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും പ്രിൻസിപ്പൽ സ്ഥാനമൊഴിഞ്ഞതിനാൽ തുടർ നടപടിയുണ്ടായില്ല.
സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടെ നിയമനത്തിൽ യു ജി സി നിയമങ്ങൾ പാലിക്കപ്പെട്ടില്ലെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവണ്‍മെന്‍റ് ലോ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനവും ചോദ്യം ചെയ്യപ്പെട്ടത്.