എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എറണാകുളം തൃശൂർ ജില്ലകളിലായി ഇഡി നടത്തിയ പരിശോധനകൾ പൂർത്തിയായി (Karuvannur Bank Fraud Case ED Raid). തിങ്കളാഴ്‌ച രാവിലെ എട്ട് മണിയോടെ തുടങ്ങിയ പരിശോധന ചൊവ്വാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് പൂർത്തിയായത്. തൃശൂരിൽ എട്ടിടത്തും കൊച്ചിയിൽ ഒരിടത്തുമാണ് മിന്നൽ പരിശോധന നടത്തിയത്.
നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന സൂചന. തൃശൂരിലെ അയ്യന്തോൾ സഹകരണ ബാങ്കിലെ പരിശോധനയാണ് 24 മണിക്കൂർ നീണ്ടത്. പരിശോധനയുമായി പൂർണ്ണമായി സഹകരിച്ചതായി ബാങ്ക് ഭരണ സമിതി വ്യക്തമാക്കി.
ഇഡി സംശയിക്കുന്ന സതീഷ് കുമാർ ബാങ്കിൽ അക്കൗണ്ടുളള ഒരാൾ മാത്രമാണ്. എന്നാൽ ഇടപാടുകാർക്ക് ആകെ ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് ഇഡി പരിശോധന നടത്തിയത്. ജീവനക്കാരെ 24 മണിക്കൂർ ബാങ്കിലിരുത്തി ബുദ്ധിമുട്ടിച്ചാണ് പരിശോധ നടത്തിയത്. ഇതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ബാങ്ക് അധികൃതർ ആരോപിച്ചു. ഇടപാടുകാരുടെ പണം സുരക്ഷിതമാണെന്നും ആരും ആശങ്കപെടേണ്ടതില്ലന്നും ബാങ്ക് അറിയിച്ചു.
തൃശൂർ സർവീസ് സഹകരണ ബാങ്ക്, എസ്‌ടി ജ്വല്ലറി, ജ്വല്ലറി ഉടമ സുനിൽ കുമാറിൻ്റെ വീട്, മൂന്ന് ആധാരമെഴുത്തുകാരുടെ സ്ഥാപനങ്ങൾ, ബാങ്കിൽ കോടികളുടെ കുടിശ്ശിക വരുത്തിയ ബിനാമിയെന്ന് സംശയിക്കുന്ന അനിൽകുമാറിന്‍റെ വീട്, ഇഡി അറസ്‌റ്റു ചെയ്‌ത പിപി കിരണിന്‍റെ സുഹൃത്തായ
ഹോട്ടൽ വ്യവസായി ദീപക് സത്യപാലൻ്റെ വീട് എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്.
സഹകര ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്‌റ്റു ചെയ്‌ത പി പി കിരണിൻ്റെ സഹായത്തോടെ കരുവന്നൂർ സഹകരകരണ ബാങ്കിൽ നിന്ന് ദീപക് പന്ത്രണ്ടരക്കോടി ബിനാമികളിലൂടെ വായ്‌പയായി എടുത്തിട്ടുണ്ടന്നാണ് ആരോപണം. ഷെൽ കമ്പനികൾ വഴി കിരണിൻ്റെ അഞ്ചരക്കോടി ദീപക് വെളിപ്പിക്കുകയും ചെയ്‌തതായി ഇഡി സംശയിക്കുന്നുണ്ട്.
ഇതിൽ വ്യക്തത വരുത്താനായിരുന്നു കോംബാറയിലെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. കരുവന്നൂർ ബാങ്കിൽ പതിനെട്ടര കോടിയുടെ കുടിശ്ശിക വരുത്തി മുങ്ങിയ അനിൽകുമാർ പലരുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിക്ക് ലഭിച്ച വിവരം. തൃശൂർ സ്വദേശി അനിൽകുമാർ ബിനാമി വായ്‌പയായി തട്ടിയത് പതിനെട്ടര കോടി രൂപയാണ്.
8 വർഷമായി ഇയാൾ ഒളിവിലാണെന്നും ഇഡി അറിയിച്ചു. ഒളിവിലുള്ള അനിൽകുമാർ തൃശൂരിൽ പല പേരുകളിലാണ് കഴിയുന്നത്. അനിൽകുമാറിന് സിപിഎം നേതാക്കളാണ് സഹായം നൽകുന്നതെന്നും ഇഡി സംശയിക്കുന്നുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻമന്ത്രിയുമായ എസി മൊയ്‌തീനെ വീണ്ടും ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് സുപ്രധാനമായ പരിശോധനകളിലേക്ക് ഇഡി പ്രവേശിച്ചത്. എന്നാൽ ഇന്ന് ചോദ്യം ചെയ്യലിന് എസി മൊയ്‌തീൻ ഹാജാരായിട്ടില്ല.
ALSO READ:Karuvannur Bank Fraud Case എസി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകില്ല
എസി മൊയതീൻ ഇഡിക്ക് മുമ്പിൽ ഹാജരാകില്ല: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻമന്ത്രിയുമായ എസി മൊയതീൻ എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പിൽ ഹാജരാകില്ല (Karuvannur Bank Fraud Case).