എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻമന്ത്രിയുമായ എസി മൊയതീൻ എംഎൽഎ ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പിൽ ഹാജരാകില്ല (Karuvannur Bank Fraud Case). ഇന്ന് ഹാജരാകാൻ ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. നിയമസഭ സമാജികർക്കുള്ള പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലന്ന് എസി മൊയ്‌തീൻ ഇഡിയെ ഇമെയിൽ വഴി അറിയിക്കുകയായിരുന്നു.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും ഇഡി നിർദ്ദേശിക്കുന്ന മറ്റൊരു ദിവസം ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികളിൽ ഇഡി ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ ശനിയാഴ്‌ച പത്ത് മണിക്കൂറോളം എസി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
അദ്ദേഹം നൽകിയ മൊഴികൾ വിശകലനം ചെയ്‌താണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂർ ജില്ലകളിൽ എട്ടിടങ്ങളിലായി ഇഡി നടത്തിയ മിന്നൽ പരിശോധന ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.
അതേ സമയം അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും തുടരുകയാണ്. താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും എസി മൊയ്‌തീൻ ആദ്യ തവണ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചിരുന്നു.
വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും മുൻ മന്ത്രിയെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന എസി മൊയ്‌തീന്‍റെ ആവശ്യം ഇഡി നേരത്തെ തള്ളിയിരുന്നു.
ഹാജരായില്ലങ്കിൽ അറസ്‌റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇഡി സൂചന നൽകിയിരുന്നു. ഇതോടെയാണ് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലും എസി മൊയ്‌തീൻ ഇഡിക്ക് മുന്നിലെത്തിയത്.
എസി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി 22 മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് ഇഡി എസി മൊയ്‌തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. എസി മൊയ്‌തീന്‍റെ നിർദേശപ്രകാരം നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇഡി ആരോപിച്ചിരുന്നു. അതേ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ പി സതീഷ് കുമാർ, പി പി കിരൺ എന്നിവർ റിമാന്‍ഡില്‍ കഴിയുകയാണ്. ഇരുവരുടെയും റിമാന്‍ഡ് റിപ്പോർട്ടിൽ ബാങ്ക് തട്ടിപ്പ് കേസിൽ സതീഷ് കുമാറുമായി ബന്ധമുള്ള ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എസി മൊയ്‌തീന്‍റെ ബിനാമികൾ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
കരുവന്നൂർ കേസിൽ കൂടുതൽ പേരെ അറസ്‌റ്റ് ചെയ്യുമെന്നാണ് ഇഡി നൽകുന്ന സൂചന.