എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് മടക്കി അയച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലാണ് ടി.പി. വധക്കേസിൽ പരോളിൽ കഴിയുന്ന ഷാഫി ഹാജരായത്. അഭിഭാഷകനൊപ്പമാണ് ഷാഫി എത്തിയത്.
ബുധനാഴ്‌ച ഹാജരാക്കാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാൽ എത്താൻ കഴിയില്ലന്ന് അറിയിച്ചു. ഇതേ തുടർന്ന് തിങ്കളാഴ്‌ച ഹാജരാകാനാണ് കസ്റ്റംസ് നിർദേശിച്ചതെങ്കിലും ഇന്ന് തന്നെ ഷാഫി ഹാജരാവുകയായിരുന്നു. ഷാഫിയെ ചോദ്യം ചെയ്യുമെന്ന് കരിപ്പൂർ സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എ.സി.ജെ.എം കോടതിയെ കസ്റ്റംസ് അറിയിച്ചിരുന്നു.
ആയങ്കി വഴി ഷാഫിയിലേക്ക്
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയുടെ മൊഴിയെ തുടർന്നാണ് ഷാഫി കസ്റ്റംസിന്‍റെ അന്വേഷണ പരിധിയിൽ വന്നത്. അർജുനെ ഷാഫിയുടെ വീട്ടിലെത്തിച്ച് കസ്റ്റംസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ജയിലിലും ഒത്താശയോ?
അർജുൻ ആയങ്കിയുടെ കണ്ണൂർ സ്വർണക്കടത്ത് സംഘത്തിന്‍റെ രക്ഷാധികാരികളായിരുന്നു ടി.പി.വധക്കേസ് പ്രതികളായ കൊടിസുനിയും ഷാഫിയുമെന്ന് കസ്റ്റംസ് എ.സി.ജെ.എം കോടതിയിൽ നൽകിയ അർജുന്‍റെ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. ഷാഫിയുടെ വീട്ടിൽ നിന്നും ഇലക്ട്രോണിക് തെളിവുകൾ കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.
വർഷങ്ങളായി കൊലക്കേസ് പ്രതികളായി ജയിലിൽ കഴിയുന്ന കൊടി സുനിയും ഷാഫിയും കള്ളക്കടത്ത് സംഘത്തെ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വരുത്തുക എന്നതാണ് ഷാഫിയെ ചോദ്യം ചെയ്യുന്നതു വഴി കസ്റ്റംസ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഷാഫിയെ ചോദ്യം ചെയ്യുന്നതോടെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും