എറണാകുളം : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ എന്ന് കരുതുന്ന അർജുൻ ആയങ്കി അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കും.
രണ്ടര കിലോ സ്വര്‍ണം അര്‍ജുന്
കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിന്‍റെ മൊഴിയും, ഫോൺ രേഖകളുമാണ് അർജുന്‍റെ ബന്ധത്തിന് പ്രധാന തെളിവായത്. മുഹമ്മദ് ഷഫീഖ് കടത്തിയ സ്വർണത്തിൽ രണ്ടര കിലോ അർജുൻ ആയങ്കിയ്ക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫിസിൽ രാവിലെ പതിനൊന്ന് മണിയോടെ അർജുൻ ഹാജരായി. ഉച്ചയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്.
തുമ്പ് നല്‍കി മുഹമ്മദ് ഷഫീഖ്
രാമനാട്ടുകര വാഹനാപകടത്തിന് പിന്നാലെ കരിപ്പൂര്‍ സ്വർണക്കടത്ത് പുറത്തുവന്നതോടെയാണ് അർജുൻ ആയങ്കി കസ്റ്റംസിന്‍റെ അന്വേഷണ പരിധിയിൽ വന്നത്. ഇയാളെ അറസ്റ്റുചെയ്യുമെന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം രാവിലെ തന്നെ സൂചന നൽകിയിരുന്നു. സ്വർണവുമായി കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി അപേക്ഷയിൽ അർജുന്‍റെ പങ്ക് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തതയ്ക്ക് കൂടുതല്‍ ചോദ്യംചെയ്യല്‍
കരിപ്പൂർ സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം പലതവണ ഇയാള്‍ തട്ടിയെടുത്തതായും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
ALSO READ: ചില്ലയില്‍ കുരുങ്ങിയ പരുന്തിനെ കരയ്‌ക്കെത്തിച്ചു, വീണ്ടും അപകടം ; ജീവന്‍ രക്ഷിച്ച് ഫയര്‍ ഫോഴ്‌സ്
എത്ര തവണ സ്വർണം തട്ടിയെടുത്തു, ഈ സംഘത്തിൽ പ്രതിയെ കൂടാതെ മറ്റുള്ളവർ ആരൊക്കെയാണ്, എന്നീ കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലോടെ വ്യക്തമാകുമെന്നാണ് കസ്റ്റംസിന്‍റെ പ്രതീക്ഷ.
അർജുനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം, നിലവിൽ കൈവശമുള്ള മുഹമ്മദ് ഷഫീഖിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിലേക്ക് കസ്റ്റംസ് കടക്കും. ഇതിലൂടെ കരിപ്പൂർ സ്വർണക്കടത്തിന്‍റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.