എറണാകുളം: കലൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾ പിടിയിൽ. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശി പിടിയിലായതായി ഡിസിപി എസ് ശശിധരൻ അറിയിച്ചു.
'മുഖ്യ പ്രതി കാസർകോട് സ്വദേശിയും രണ്ടാം പ്രതി തിരുവനന്തപുരം സ്വദേശിയുമാണ്. പൊലീസ് പ്രതികൾക്ക് പിന്നാലെയുണ്ട്. ഇരുവരും ഉടൻ പിടിയിലാകും', ഡിസിപി പറഞ്ഞു. കൊലപാതകം ആസൂത്രിതമല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചിയിൽ അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങളെല്ലാം പെട്ടന്നുണ്ടായ കാരണങ്ങളാൽ നടന്നവയാണ്. ഈ സംഭങ്ങളില്‍ എല്ലാം പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. പല കൊലപാതകങ്ങൾക്ക് പിന്നിലും ലഹരിയൊരു പ്രധാന ഘടകമാണ്. കൊച്ചി നഗരത്തിൽ രാത്രികാല പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
രാത്രിയിലാണ് കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. ഇത് പരിഗണിച്ച് പ്രത്യേകമായ മുൻകരുതൽ സ്വീകരിക്കുമെന്നും ഡിസിപി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയായിരുന്നു കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയത്. പള്ളുരുത്തി സ്വദേശി രാജേഷ്(24) ആണ് കൊല്ലപ്പെട്ടത്.
ഗാനമേളയ്ക്കിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ച പ്രതിയെ കൊല്ലപ്പെട്ട രാജേഷ് ഇവിടെ നിന്നും ഇറക്കിവിട്ടിരുന്നു. ഇതേ തുടർന്ന് സുഹൃത്തിനൊപ്പം തിരിച്ചെത്തിയ പ്രതി വാക്ക് തർക്കത്തിലേർപെടുകയും അപ്രതീക്ഷിതമായി രാജേഷിനെ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.