കൊച്ചി: യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും ഡ്രൈവർമാർക്കും തെളിവെടുപ്പിന് ഹാജരാകാൻ നോട്ടീസ്. എറണാകുളം ആര്‍ടിഒയാണ് ബസ് ഉടമയ്ക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും നോട്ടീസ് നല്‍കിയത്.
ഏപ്രില്‍ ഇരുപതിന് രാത്രിയാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്ന കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയുള്ളത്. കേടായ ബസിന് പകരം സംവിധാനം ഏര്‍പ്പെടുത്താത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. യാത്രക്കാരെ മര്‍ദിച്ച കേസില്‍ തെളിവെടുപ്പിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ബസ് ഉടമ സുരേഷ് കുമാറിനും രണ്ടു ഡ്രൈവര്‍മാര്‍ക്കും എറണാകുളം റീജിണൽ ട്രാൻസ്‌പോർട് ഓഫീസര്‍ നോട്ടീസ് നല്‍കി. അഞ്ചുദിവസത്തിനുള്ളില്‍ എറണാകുളം ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
നേരത്തേ ബസുടമ സുരേഷിനെ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. യാത്രക്കാരെ ആക്രമിച്ചതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു സുരേഷിന്‍റെ പ്രതികരണം. സുരേഷിന്‍റെയും ബസ് ജീവനക്കാരുടേയും ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തിനു പുറമേയാണ് ആര്‍ടിഒ സുരേഷില്‍ നിന്നും ജീവനക്കാരില്‍ നിന്നും തെളിവെടുക്കുന്നത്.