എറണാകുളം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകയെ പുരുഷ പൊലീസുകാർ മർദ്ദിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഏറ്റുമുട്ടലില്‍ പൊലീസ് ജലപീരങ്കിയും ലാത്തിചാര്‍ജും പ്രയോഗിച്ചു. പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ മാർച്ച് ഉദ്ഘാടനം ചെയ്‌തു. നികുതി വർധനവിനെതിരെ പ്രതിഷേധിക്കാൻ അനുവദിക്കാത്ത തരത്തിലാണ് പൊലീസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പെൺകുട്ടിയെ പൊലീസ് വളഞ്ഞിട്ട് തല്ലുകയാണെന്നും സമരം ചെയ്യുന്നവരെ യൂത്ത് കോൺഗ്രസ് സംരക്ഷിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഉദ്ഘാടന പരിപാടിക്ക് ശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതേതുടർന്നും പ്രവർത്തകർ പ്രതിഷേധം തുടർന്നു.
പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്നായിരുന്നു പൊലീസ് ലാത്തിചാർജ് നടത്തിയത്. പിന്തിരിഞ്ഞ് ഓടിയ പ്രവർത്തകരെ പൊലീസ് പിന്നാലെയെത്തി മർദ്ദിക്കുകയായിരുന്നു.
പൊലീസും പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പൊലീസിനെ ഭയന്ന് സമീപത്തെ ഹോട്ടലിൽ ഒളിച്ചിരുന്ന പ്രവർത്തകരെ കസ്‌റ്റഡിയിലെടുക്കാനുള്ള ശ്രമം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തടയുകയും പൊലീസുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്‌തു.
ഇവരെ കസ്‌റ്റഡിയിലെടുക്കാതെ മടങ്ങില്ലന്ന് പൊലീസ് അറിയച്ചതോടെയാണ് പ്രവർത്തകർ വഴങ്ങിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയത് ക്രൂരമായ മർദ്ദനമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇതിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.