എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമ വിരുദ്ധമായി കുട്ടിയെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശി ആശുപത്രിയിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്‍റ് അനിൽകുമാറുമായി ചർച്ച നടത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇക്കഴിഞ്ഞ ജനുവരി 31ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ അന്വേഷണത്തിൽ ഏറെ നിർണായകമാണ്.
സര്‍വം കൃത്രിമം : കുഞ്ഞിന് വേണ്ടി മെഡിക്കൽ കോളജിൽ വച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്നതിന്‍റെ ഭാഗമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതെന്നാണ് കരുതുന്നത്. അതേസമയം വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളിൽ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും. കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അവിവാഹിതയായ ആലുവ സ്വദേശിക്ക് ജനിച്ച പെൺകുട്ടിയെ വളർത്താൻ താല്‍പര്യമില്ലാത്തതിനെ തുടർന്ന് ഒരു സുഹൃത്തുവഴി തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്ക് കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
മുന്നിലെന്ത് : ഈയൊരു സാഹചര്യത്തിൽ കുട്ടിയുടെ യഥാർഥ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയോ, കുട്ടിയുടെ അവകാശികളുണ്ടെങ്കിൽ സിഡബ്ല്യുസിയെ ബന്ധപ്പെടാനുള്ള പത്ര പരസ്യം നൽകുകയോ ചെയ്ത ശേഷം ദത്ത് നടപടികളിലേക്ക് കടക്കാനാണ് സിസബ്ല്യുസിയുടെ തീരുമാനം. നിലവിൽ കുഞ്ഞ് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണുള്ളത്. വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ പൊലീസ് അന്വേഷണവും നിയമ വിരുദ്ധമായ ദത്ത് നടപടിയെ കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമാണ് അന്വേഷണം നടത്തുന്നത്.
സംഭവം ഇങ്ങനെ : കഴിഞ്ഞ ഓഗസ്‌റ്റിൽ ആലുവ സ്വദേശിക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ ജനിച്ച പെൺകുട്ടിയെയാണ് തൃപ്പൂണിത്തുറ സ്വദേശികൾ നിയമ വിരുദ്ധമായി ദത്തെടുത്തത്. ഇതേ കുട്ടിക്ക് വേണ്ടിയാണ് ഫെബ്രുവരി ഒന്നാം തീയതി കളമശ്ശേരി മെഡിക്കൽ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്.
കള്ളം പൊളിഞ്ഞപ്പോള്‍ : ജനന സർട്ടിഫിക്കറ്റ് നൽകുന്ന ചുമതലയിലുണ്ടായിരുന്ന നഗരസഭ ജീവനക്കാരി രഹന, താൻ അറിയാതെ ഈ സർട്ടിഫിക്കറ്റ് രജിസ്‌റ്ററിൽ തിരുകി കയറ്റിയതാണെന്ന് പൊലീസിൽ പരാതി നൽകുകയും തുടര്‍ന്ന് അനിൽ കുമാറിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രി സുപ്രണ്ടിന്‍റെ പരാതിയിൽ ജീവനക്കാരി രഹനക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികൾ ഉൾപ്പടെ കേസിൽ പ്രതികളാകാനാണ് സാധ്യത.