എറണാകുളം : കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു (Kalamassery Explosion Death Toll). ഇതോടെ ആകെ മരണ സംഖ്യ മൂന്നായി. മലയാറ്റൂർ സ്വദേശിയായ ലിബിന (12) ആണ് ഇന്ന് പുലർച്ചെ 12:40 ന് മരണപ്പെട്ടത് (12 year old girl died in Kalamassery Explosion).
95 ശതമാനം പൊള്ളലേറ്റ ലിബിന കളമശ്ശേരി മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. സ്ഫോടനം നടന്ന് പത്ത് മിനിറ്റിനകം കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ച് വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായിലെന്ന് കളമശ്ശേരി മെഡിക്കൽ കോളജ് അറിയിച്ചു. അതേസമയം ഇന്നലെ (ഒക്‌ടോബര്‍ 29) സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടത് കറുപ്പംപടി സ്വദേശി ലയോണയാണെന്ന് സ്ഥിരീകരിച്ചു.
90 ശതമാനം പൊള്ളലേറ്റ തൊടുപുഴ സ്വദേശി മീനാകുമാരി ഇന്നലെ വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയിരുന്നു. കളമശ്ശേരി സാമ്രാ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് ആകെ 52 പേരാണ് ചികിത്സ തേടിയത് (Kalamassery Convention Centre explosion).
ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആകെ 16 പേരാണ് ചികിത്സയിലുള്ളത്. കളമശ്ശേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജില്‍ എട്ട് പേരും സൺറൈസ് ഹോസ്‌പിറ്റലിൽ രണ്ട് പേരും രാജഗിരി ഹോസ്‌പിറ്റലിൽ നാല് പേരും, ആസ്റ്റർ മെഡിസിറ്റിയില്‍ രണ്ട് പേരും ആണ് ചികിത്സയിലുള്ളത്. പതിനഞ്ച് പേരാണ് വിവിധ ആശുപത്രികളിലായി വാർഡുകളിൽ ചികിത്സയിൽ കഴിയുന്നത്. 18 പേരാണ് ഔട്ട് പേഷ്യന്‍റ് ചികിത്സ സേവനം തേടിയിട്ടുള്ളത്.
അതേസമയം സ്‌ഫോടനം നടത്തിയ പ്രതി ഡൊമനിക് മാർട്ടിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കും. കൃത്യം നടത്തിയതിന് പിന്നിൽ മറ്റാർക്കും പങ്കില്ലെന്നും താൻ തന്നെ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണെന്നും ഇയാൾ മൊഴി നൽകിയതായാണ് സൂചന. യൂട്യൂബ് നോക്കിയാണ് ഐ ഇ ഡി സ്ഫോടക വസ്‌തു നിർമിക്കാൻ പഠിച്ചതെന്നും ഇയാൾ ഇന്നലെത്തന്നെ മൊഴി നൽകിയിരുന്നു. ഇയാളുടെ യൂട്യൂബ് ലോഗിൻ വിവരങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.
കൊച്ചി കടവന്ത്ര ഇളംകുളം സ്വദേശിയാണ് ഡൊമിനിക് മാര്‍ട്ടിന്‍. തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്നും അകന്നത്. ആശയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ആരും തയാറായില്ല. ഇതാണ് സ്‌ഫോടനത്തിലേക്ക് നയിച്ചത് എന്നാണ് ഡൊമിനിക് മാര്‍ട്ടിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറ്റസമ്മത വീഡിയോയില്‍ പറയുന്നത്. ആറു മാസം മുമ്പ് തന്നെ സ്ഫോടനത്തിനുള്ള ഒരുക്കങ്ങള്‍ ഇയാള്‍ തുടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി.