എറണാകുളം : കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും സംഭവം നടന്ന സംറ കൺവെൻഷൻ സെന്‍ററിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുക.
തിങ്കളാഴ്‌ച (ഒക്‌ടോബർ 30) വൈകുന്നേരം ഏഴ് മണിയേടെയായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്‌തതായി ബോധ്യപ്പെട്ടതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു.
കൊച്ചി ഡിസിപി എസ്. ശശിധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘം അന്വേഷണത്തിനായുള്ള കർമ്മ പദ്ധതി നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ രാത്രിയും അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. സ്ഫോടനം നടന്ന കൺവെൻഷൻ സെന്‍ററിൽ നിന്നും ഫൊറൻസിക് സംഘം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും, യുഎപിഎ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌തത്.
ഞായറാഴ്‌ച (ഒക്‌ടോബർ 29) രവിലെ യഹോവസാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം നടത്തുകയും മൂന്ന് പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതി സ്വമേധയാ കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്ഫോടനം നടത്തിയത് താനാണെന്നും, യഹോവാ സാക്ഷികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന താൻ അവരുമായുള്ള ശക്തമായ എതിർപ്പ് കാരണമാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്നും സമൂഹ മധ്യത്തിൽ പ്രചരിപ്പിച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ.
സാധാരണ പ്രതികൾ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിക്കാറുള്ളതെങ്കിലും ഡൊമിനിക്ക് തെളിവുകളെല്ലാം സ്വയം ശേഖരിച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രതി നൽകിയ തെളിവുകൾ സത്യമാണന്ന് പൊലീസ് പരിശോധിച്ച് ഉറപ്പ് വരുത്തുകയായിരുന്നു. പിടിക്കപെടുമെന്ന ഉറപ്പുള്ള പ്രതി എന്തിനാണിത് ചെയ്‌തതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുമായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്‌തത്. കൊടകരയിലെ ഹോട്ടലിൽ മുറിയെടുത്ത് വീഡിയോ ചിത്രീകരിച്ചുവെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇത് ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായാണ് സ്ഫോടക വസ്‌തു നിർമിക്കാനാവശ്യമായ വസ്‌തുക്കൾ വാങ്ങിയത്. പടക്കവും പെട്രോൾ നിറച്ച ബോട്ടിലും ഐഇഡിയുടെ ഭാഗമായി ക്രമീകരിച്ചാണ് ഉഗ്രസ്ഫോടനവും അഗ്നിബാധയും ഉണ്ടാക്കിയത്. എന്നാൽ ഈ വസ്‌തുക്കളെല്ലാം വാങ്ങിയതിന്‍റെ ബില്ലുകൾ ഉൾപ്പടെ ഡൊമിനിക്ക് ശേഖരിക്കുകയും പൊലീസിന് കൈമാറുകയും ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച തമ്മനത്തെ ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചാണ് സ്ഫോടക വസ്തു നിർമ്മിച്ചത്. ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർ അറിയാതെയായിരുന്നു ബോംബ് നിർമാണം.
ALSO READ : Kalamasery Blast Hate Propaganda Case കളമശേരി സ്‌ഫോടനം; ഫേസ്‌ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയയാള്‍ പിടിയില്‍