എറണാകുളം: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മക്കെതിരെ തെളിവുണ്ടെന്നും കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കോടതി കേസ് ഡയറി പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ അമ്മയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു. കുടുംബ പ്രശ്നം മാത്രമല്ല അമ്മക്കെതിരായ ആരോപണത്തിന് കാരണമെന്നും കുട്ടിക്ക് ചില മരുന്നുകൾ നൽകിയതായും ഇവ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു.
അതേസമയം, അമ്മയുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ കോടതിയിൽ ഹർജി സമർപ്പിച്ചത്. പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറി പരിശോധിച്ച ശേഷം പ്രോസിക്യൂഷൻ വാദങ്ങൾ നിഷേധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളിയത്.
കേസിൽ ഡിസംബർ 28 മുതൽ ആരോപണ വിധേയായ സ്ത്രീ റിമാന്‍റിലാണ്. ഭർത്താവിന്‍റെ രണ്ടാം വിവാഹത്തെ എതിർത്ത വൈരാഗ്യത്തെ തുടർന്ന് ഭർത്താവ് കെട്ടിചമച്ചതാണ് പീഡന ആരോപണമെന്നാണ് ഇവരുടെ വാദം. പോക്സോ കേസിൽ ഇരയുടെ അമ്മ തന്നെ പ്രതിയായ സംസ്ഥാനത്തെ ആദ്യ കേസ് കൂടിയാണിത്.