എറണാകുളം: രാജ്യത്ത് നിന്നും തീവ്രവാദത്തെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസി കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ മിന്നൽ പരിശോധനയെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും സാമ്പത്തികസഹായം ചെയ്യുന്നവർക്കും എതിരായ ശക്തമായ നിലപാടാണ് ദേശീയ അന്വേഷണ ഏജൻസി സ്വീകരിക്കുന്നത്. കേരളത്തിൽ സമാധാനം സ്ഥാപിക്കാനുള്ള ശക്തമായ നടപടികളാണ് തുടരുന്നത്. ഇത്തരം നടപടികൾ ഉണ്ടായിരുന്നില്ലെങ്കിൽ കേരളം ഒരു കുരുതിക്കളമായി മാറുമായിരുന്നു.
വലിയ തോതിലുള്ള കലാപത്തിനും വംശഹത്യയ്ക്കുമാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇല്ലായ്‌മ ചെയ്യാനുള്ള ഗൂഢാലോചനയാണ് അവർ നടത്തിയത്. ഇത് തീർച്ചയായും അന്വേഷിക്കപ്പെടും അതിൽ പങ്കാളികളായിട്ടുള്ളവർക്കെതിരെ അന്വേഷണം നടക്കും. ഇത്തരം പരിശോധനകൾ അന്വേഷണ ഏജൻസിയുടെ സ്വാഭാവിക നടപടിയാണന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Read more: സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്: സംഘമെത്തിയത് പുലര്‍ച്ചെ