എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് റെയ്‌ഡിനിടെ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നൽകാൻ ഹൈക്കോടതി ഉത്തരവ്. (High Court Order Favorable For K M Shaji) ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ 47.3 ലക്ഷം രൂപ വിട്ടു നൽകാനാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലാണ് വിജിലൻസിന് തിരിച്ചടി നൽകിക്കൊണ്ടുള്ള ഉത്തരവ്.
കഴിഞ്ഞ വർഷം കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് വിജിലൻസ് പണം പിടിച്ചെടുത്തത്. വിജിലൻസിന്‍റെ നടപടി അനധികൃതമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഷാജിയുടെ ഹർജി. സിപിഎം പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കെ എം ഷാജിയ്ക്കെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തത്.
പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ആവശ്യത്തിനായി പിരിച്ചെടുത്തതാണെന്നായിരുന്നു ഷാജിയുടെ വാദം. എന്നാൽ തെരഞ്ഞെടുപ്പിൽ പിരിക്കാൻ പാടുള്ളതിനേക്കാൾ തുക പല രസീതുകളിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംശയാസ്‌പദമായ സാഹചര്യത്തിലാണ് പണം പിടിച്ചെടുത്തതെന്നുമായിരുന്നു വിജിലൻസിന്‍റെ നിലപാട്.
ഷാജിക്കെതിരായുള്ള ഈ കേസിന്‍റെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ഇതിനിടെയാണ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വത്ത് കണ്ടുക്കെട്ടാനുള്ള നടപടികൾ തടയണമെന്നും ഹർജി നൽകിയിരുന്നു.