തിരുവനന്തപുരം: ഉപലോകായുക്തക്കെതിരെ പുതിയ പരാതിയുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ (Relief fund misuse case) പരാതിക്കാരനായ ആർ എസ് ശശികുമാർ. മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍റെ ജീവചരിത്രം പ്രകാശനം ചെയ്‌ത ജസ്റ്റിസ് പി ജോസഫിനെതിരെയാണ് പരാതി നല്‍കിയത്.
ശശികുമാറിന്‍റെ പരാതികളും ആവശ്യങ്ങളും: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടം ലംഘിച്ച് രാമചന്ദ്രന്‍റെ കുടുംബത്തിന് പണം നല്‍കിയെന്ന കേസില്‍ വിധി വരാനിരിക്കെ ഉപലോകായുക്ത പുസ്‌തകം പ്രകാശനം ചെയ്‌തത് ധാര്‍മികമായും നിയമപരമായും ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
കേസില്‍ വിധി പറയാന്‍ ഉപലോകായുക്തമാരെ അനുവദിക്കരുതെന്നും കേസ് മാറ്റിവയ്‌ക്കണമെന്നും പരാതിയില്‍ ആര്‍എസ് ശശികുമാര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവത്തിലൂടെ നീതിന്യായ സംവിധാനത്തോടുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. രാഷ്‌ട്രീയ താത്‌പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടവിരുദ്ധമായി എട്ടര ലക്ഷം രൂപ എംഎല്‍എയുടെ കുടുംബത്തിന് അനുവദിച്ചത്.
ഉപലോകായുക്തയുടെ പുസ്‌തക പ്രകാശനം നീതിന്യായ വ്യവസ്ഥിതിയെ അവഹേളിക്കുന്നതിന് സമാനമാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ന്യായാധിപര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്നും തന്‍റെ ധാര്‍മികത പരസ്യമാക്കുകയും വേണമെന്ന് ശശികുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടുള്ള ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കാണ് ശശികുമാര്‍ പരാതി നല്‍കിയത്.
'ധനികരിൽ ധനികൻ' പ്രകാശനം: കഴിഞ്ഞ ദിവസമാണ് ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായ കെ.കെ രാമചന്ദ്രന്‍റെ ജീവചരിത്രം ഉപലോകായുക്ത ബാബു പി ജോസഫ് പ്രകാശനം (Upalokayukta Babu p Joseph biography release) ചെയ്‌തത്. 'ധനികരിൽ ധനികൻ' എന്ന പേരിലുള്ള ജീവചരിത്രത്തില്‍ (KK Ramachandran's biography) ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു പി ജോസഫ്, ഹാറൂണ്‍ ഉല്‍ റഷീദ് എന്നിവരെ കുറിച്ചും അവരുമായുള്ള സൗഹൃദത്തെ കുറിച്ചും വിദ്യാര്‍ഥി കാലത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും പുസ്‌തകത്തില്‍ പരാമര്‍ശമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക വകമാറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശശികുമാര്‍ ലോകായുക്തയ്‌ക്ക് ഹര്‍ജി നല്‍കിയത്.
എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 25 ലക്ഷം രൂപയും എംഎല്‍എയായിരുന്ന രാമചന്ദ്രന്‍ നായരുടെ മകന് എന്‍ജീനിയറിങ് ജോലിക്ക് പുറമെ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയതിനെതിരെയാണ് ശശികുമാര്‍ പരാതി നല്‍കിയത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ മരിച്ച എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് ജോലിയും ഒപ്പം 20 ലക്ഷം രൂപയും നല്‍കിയതായും ശശികുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.