മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻമന്ത്രി കെ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. കെ ബാബു സമര്‍പ്പിച്ച വിടുതൽ ഹർജി കോടതി തള്ളി. ബാബുവിന് അനധികൃത സ്വത്തുണ്ടെന്ന കണ്ടെത്തൽ പ്രഥമദൃഷ്ട്യാ തള്ളിക്കളയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വരവിനേക്കാൾ 43% അധികം സ്വത്ത് സമ്പാദിച്ചു എന്നതാണ് ബാബുവിനെതിരെയുള്ള കേസ്. എംഎൽഎ എന്ന നിലക്ക് കിട്ടിയ ആനൂകൂല്യങ്ങളാണ് അധിക സ്വത്തെന്ന വാദം കോടതി അംഗീകരിച്ചില്ല. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെങ്കില്‍ വിചാരണയിലൂടെ തെളിയിക്കാമെന്നും കോടതി അറിയിച്ചു.
വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ ബാബു പ്രതികരിച്ചു.2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്നാണ് വിജിലൻസിന്‍റെ ആരോപണം. ഏപ്രിൽ 29നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കുറ്റപത്രം വായിച്ച ശേഷമാകും കോടതി വിചാരണയിലേക്ക് കടക്കുക. ബാബുവിന്‍റെ ബിനാമികളെന്ന് ചൂണ്ടിക്കാട്ടിയ റോയൽ ബേക്കറി ഉടമ മോഹനൻ, ബാബു റാം എന്നിവരെ അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ കേസിൽ നിന്ന് വിജിലൻസ് ഒഴിവാക്കിയിരുന്നു.
2001 ജൂലൈ 1 മുതൽ 2016 മേയ് 3 വരെയുള്ള കാലയളവിലെ സ്വത്ത് വിവരങ്ങളാണു വിജിലൻസ് അന്വേഷിച്ചത്. 52.27 ലക്ഷം രൂപയാണ് ബാബുവിന്‍റെ അംഗീകൃത വരുമാനം. ഇതിൽ 49.78 ലക്ഷം രൂപ ചെലവഴിച്ചുവെന്നും പരിശോധനാ കാലയളവിൽ 28.82 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമാണ് വിജിലൻസിന്‍റെ ആരോപണം. കേസിൽ കോടതി കെ ബാബുവിനു ജാമ്യം അനുവദിച്ചിരുന്നു.