എറണാകുളം : ഐക്യ കേരളം 67 വർഷം വർഷം (Kerala Piravi) പൂർത്തിയാക്കുന്നുവെന്നത് ഏതൊരു കേരളീയനും അഭിമാന നിമിഷമാണെന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പാൾ കെ അരവിന്ദാക്ഷൻ (K Aravindakshan). കേരളപ്പിറവി ദിനത്തിൽ ഐക്യകേരളം സ്വപ്‌നം കണ്ട തലമുറയിൽപ്പെട്ടയാളെന്ന നിലയിൽ കേരളത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ഇടിവി ഭാരതിനോട് പങ്കുവക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി താൻ വിലയിരുത്തിയ സാമ്പത്തിക, സാമൂഹ്യ, സാഹചര്യങ്ങൾ നോക്കുമ്പോൾ കേരളത്തിന് പ്രതീക്ഷിച്ച രീതിയിൽ മുന്നേറാൻ കഴിഞ്ഞിട്ടില്ലന്നാണ് തന്‍റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളം പണ്ട് മുതൽ തന്നെ അഖിലേന്ത്യ തലത്തിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രശംസ നേടിയത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രണ്ട് മേഖലകളിലാണ്. എന്നാൽ സമീപ കാലത്തെ ഈ രണ്ട് മേഖലയിലെ പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലന്ന ദുഃഖകരമായ വസ്‌തുത നമ്മുടെ മുന്നിലുണ്ട്.
കൊവിഡിനെയും ഓഖി ദുരന്തത്തെയും തുടർച്ചയായ പ്രളയങ്ങളെയും നേരിടാൻ കഴിഞ്ഞത് ഒരു സർക്കാറിന്‍റെ മാത്രം കഴിവ് എന്ന രീതിയിൽ വിലയിരുത്തുന്നത് ശരിയല്ല. ജനങ്ങളുടെ വിജയമാണ്.
ജനങ്ങളെ അണിനിരത്തി സർക്കാർ നേടിയ വിജയം എന്ന് വിലയിരുത്തുന്നതാവും ശരിയെന്നും കെ അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. പ്രളയവും പ്രകൃതി ദുരന്തങ്ങളും മനുഷ്യ സൃഷ്‌ടിയാണ്. വേണ്ടരീതിയിൽ പ്രകൃതിയെ കൈകാര്യ ചെയ്യുന്നതിൻ സംഭവിച്ച വീഴ്‌ചയാണതിന് കാരണം. ഗാന്ധിജി പറഞ്ഞത് പോലെ പ്രകൃതി മനുഷ്യന്‍റെ ആഗ്രഹങ്ങൾ സാധിച്ച് തരും, എന്നാൽ അത്യാഗ്രഹങ്ങൾ സാധിച്ച് തരില്ല.
മാർക്‌സ് പറഞ്ഞത് നമ്മുടെ പ്രകൃതിയും വിഭവങ്ങളും ഈ തലമുറയ്‌ക്ക് മാത്രം അവകാശപ്പെട്ടതല്ല, ഭാവി തലമുറയ്‌ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന ബോധം ജനങ്ങൾക്ക് ഉണ്ടായിരിക്കണമെന്നാണ്. ആ ബോധം ജനങ്ങളിൽ സൃഷ്‌ടിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഈ കാര്യങ്ങളിൽ നമ്മുടെ ഭരണകൂടം പരാജയപ്പെട്ടുവെന്ന് പറയേണ്ടി വന്നതിൽ പ്രയാസമുണ്ട്.
കാർഷിക മേഖലയിലെ കാര്യവും, നദികളുടെ കാര്യവും പരിഗണിച്ചാൽ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
നദികളെ കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങളിൽ പോകേണ്ട കാര്യമില്ല. നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ പരിശോധിച്ചാൽ മതി. കൊച്ചിയുടെ കാര്യമെടുത്താൽ 60 ഏക്കറോളം വരുന്ന കൃഷിഭൂമി നികത്തിയാണ് ചേരാനെല്ലൂരിൽ സ്വകാര്യ ആശുപത്രി സമുച്ചയം പണിതത്. 2018 ലെ പ്രളയം ആദ്യം ബാധിച്ചത് ഇവിടെയായിരുന്നു. തിരുവനന്തപുരത്തിന്‍റെ സ്ഥിതി ഈ അടുത്ത ദിവസങ്ങളിൽ മഴപെയ്‌തപ്പോൾ നമ്മൾ കണ്ടതാണ്.
കൊച്ചിയിലും തിരുവനന്തപുരത്തും പ്രളയം ആവർത്തിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്. നഗരവികസന പ്രക്രിയയിൽ സംഭവിച്ച പിഴവാണ്. വികസനം ജനങ്ങൾക്ക് വേണ്ടിയാകണം എന്നതാണ് തന്‍റെ അഭിപ്രായം. ജനങ്ങളെ വികസനത്തിനു വേണ്ടി കരുക്കളാക്കരുത്. കേരളീയം എന്ന പേരിലുള്ള ആഘോഷത്തിന് വലിയ അർഥമില്ലെന്നും അരവിന്ദാക്ഷൻ പറഞ്ഞു. സർക്കാരിന്‍റെ ഇല്ലാത്ത നേട്ടങ്ങൾ ഉയർത്തി കാട്ടാനുള്ള അവസരമാണിതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ എല്ലാവരും ഭയപ്പെടുന്നത് വർഗീയതയെയാണ്. എന്നാൽ തന്നെ ആശങ്കപ്പെടുത്തുന്നത് ജാതീയതയാണ്. ജാതി തിരിച്ചുള്ള മാട്രിമോണിയൽ പരസ്യങ്ങളാണ് എവിടെയും കാണുന്നത്. കേരളീയതയെന്ന സംസ്‌കാരം നമ്മളെ വിട്ടുപോയിട്ട് വർഷങ്ങളായി. ഐക്യ കേരളം സ്വപ്‌നം കണ്ട തലമുറയുടെ സ്വപ്‌നം വിദൂര ഭാവിയിൽ പോലും നേടിയെടുക്കാൻ കഴിയില്ല. ഈ കാര്യത്തിൽ ശുഭാപ്‌തിവിശ്വാസമില്ല.
ഇപ്പോൾ സമരങ്ങളില്ല. സമരം ചെയ്യാൻ പോലുമുള്ള സമയം ആളുകൾക്കില്ല. കേരളീയരെല്ലാം ജാതി മത ചിന്തകൾക്ക് അതീതമായി നിന്ന് ഒന്നിച്ച് നിൽക്കണം. അല്ലെങ്കിൽ കേരളം എന്ന സങ്കൽപം പോലും അപ്രസക്തമായി മാറുമെന്നും കെ അരവിന്ദാക്ഷൻ പറഞ്ഞു.