എറണാകുളം: ഭിന്നശേഷിക്കാരായവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പദ്ധതി ജില്ല ലീഗൽ സർവീസ് അതോറിറ്റി ഏറ്റെടുക്കുമെന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചിയിൽ സഹൃദയ സംഘടിപ്പിച്ച എബിലിറ്റി ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ എത്തേണ്ടിടത്ത് എത്തിക്കുമെന്നും കിട്ടേണ്ടത് കിട്ടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ പദ്ധതി ഉടൻ ഏറ്റെടുത്ത് നടപ്പിലാക്കും. ഭിന്നശേഷിക്കാരുടെ ശബ്‌ദം ഉറച്ചതും ഉച്ചത്തിലുള്ളതുമാക്കാൻ ശപഥമെടുക്കണം.
ഭരണഘടന ഓരോ മനുഷ്യനും അന്തസോടെ ജീവിക്കാനുള്ള അവകാശം നൽകുന്നുണ്ട്. അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടതില്ല. ശേഷിയുണ്ടെന്ന് വിശ്വസിക്കുന്നവർ ഭിന്നശേഷിക്കാരായവരെ മറന്നു പോവുകയാണ്. ഇത് രാജ്യത്തും സംസ്ഥാനത്തും കൂടുതലാണ്. ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമില്ല.
ശേഷിയുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് പോലും ഉപയോഗിക്കാൻ കഴിയാത്തതാണ് നമ്മുടെ റോഡുകൾ. ഭിന്നശേഷിക്കാരായവരുടെ അവകാശങ്ങൾ ആരും ചോദിക്കാതെ ലഭിക്കേണ്ടതാണ്. ഭിന്നശേഷിക്കാരെ വോട്ട് ബാങ്കായി രാഷ്ട്രീയക്കാർ കാണാത്തത് കൊണ്ടാണ് അവകാശങ്ങൾ ഹനിക്കുന്ന തീരുമാനങ്ങൾ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശനമുന്നയിച്ചു.