എറണാകുളം: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലൻസ് കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയിലും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയിലും കോടതി വിശദമായ വാദം കേട്ടു. കൊച്ചിൻ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇബ്രാഹിം കുഞ്ഞിന് ചികിത്സയ്ക്കുള്ള സൗകര്യമില്ലന്ന് ഡിഎംഒ കോടതിയെ അറിയിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരുന്നതാണ് ഉചിതമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതോടെ ഇബ്രാഹിം കുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം സർക്കാർ പിൻവലിച്ചു.
അതേസമയം, മൊബിലൈസേഷൻ അഡ്വാൻസ് ഫയൽ എല്ലാവരും പരിശോധിച്ചതിന് ശേഷമാണ് മന്ത്രിയുടെ അടുത്ത് എത്തുകയെന്നും ഫയൽ മന്ത്രി അനുവദിക്കുക മാത്രമാണ് ചെയതതെന്നും പ്രതിഭാഗം വാദിച്ചു. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് ഉത്തരവ് നൽകിയത്. കോൺട്രാക്ടർ മന്ത്രിക്ക് അപേക്ഷ കൊടുത്തുവെന്നും മന്ത്രി അനുവദിച്ചുവെന്നുമാണ് റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നത്. മന്ത്രി കോൺട്രാക്ടറിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടെന്നു റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നത് ശരിയല്ല. മുൻ മന്ത്രി കൈക്കൂലി വാങ്ങിയെന്ന് സമ്മതിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പറയുന്നത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. പിടിച്ചെടുത്ത ഇൻകംടാക്സ് രേഖകൾ നിയമപ്രകാരം ഉള്ളവയും ഗവൺമെന്‍റ് ഓഡിറ്റ് ചെയ്ത കണക്കിൽ പോലും മുൻ മന്ത്രി അനധികൃതമായി ഒന്നും ചെയ്തതായി പറയുന്നില്ലന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ കോൺട്രാക്ടർക്ക് ലാഭം ഉണ്ടായി. അഴിമതി നിരോധന വകുപ്പ് കേസിൽ നിലനിൽക്കും. ടെണ്ടറിൽ മുൻകൂർ പണം അനുവദിക്കുന്നതിന് വ്യവസ്ഥയില്ലന്നും പ്രോസിക്യൂഷൻ വാദിച്ചു. മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് ശേഷമാണ് വിജിലൻസ് കോടതി കേസിലെ വിധി നാളെത്തേക്ക് മാറ്റിയത്.