എറണാകുളം: മൺസൂണിന് മുമ്പ് പ്രളയ സാധ്യത മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നടത്തുന്നില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. പ്രളയം നേരിടുന്നതിന് വേണ്ടി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് എം.എൽ.എമാരെ ഒന്നും അറിയിച്ചിട്ടില്ലന്ന് എറണകുളം ജില്ലയിലെ കോണ്‍ഗ്രസ് എം.എൽ.എമരുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ ചെറിയ തോതിലുള്ള പ്രളയം പോലും ശുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. തുടർച്ചയായ രണ്ട് പ്രളയമുണ്ടായിട്ടും നേരിടാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. 2018ലെ പ്രളയത്തിന് ശേഷം ഫ്ലഡ് പ്ലെയിൻ മാപ്പിംഗ് ഇതുവരെ നടത്തിയിട്ടില്ല. റിസർവ്വോയറുകൾ കേന്ദ്രമാക്കി റിയൽ ടൈം മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണം. നിലവിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ പരിതാപകരമാണ്. 2018ലെ അതേ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. ഡാമുകളിൽ നിന്ന് ചെളി നീക്കം ചെയ്തിട്ടില്ല. നദീതടങ്ങളിൽ എക്കലും മണലും അടിഞ്ഞ് കിടക്കുന്നു.
നിരന്തരമായി ഈ കാര്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ല. ഡാം മാനേജ്‌മെന്‍റ് 2018ലെ പോലെയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്നും വി.ഡി.സതീശൻ എം.എൽ.എ മുന്നറിയിപ്പ് നൽകി. എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ.വിനോദ്, റോജി എം ജോൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.