എറണാകുളം: തെരുവുനായ ശല്യത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി സാമൂഹിക പ്രവർത്തകനും പിറവം നഗരസഭ കൗൺസിലറുമായ ജിൽസ് പെരിയപുറം. ഹൈക്കോടതിയുടെ പ്രധാന കവാടത്തിന് മുന്നിൽ നടുറോഡിൽ ശയനപ്രദക്ഷിണം നടത്തിയാണ് ജിൽസ് പ്രതിഷേധിച്ചത്. നായ കടിച്ച് അഭിരാമിയെന്ന 12കാരി ഉൾപ്പെടെ നിരവധി പേർ മരണപ്പെട്ട സാഹചര്യത്തിലാണ് തന്‍റെ പ്രതിഷേധമെന്ന് ജിൽസ് പെരിയപുറം വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ പ്രതിഷേധം തുടരും. കോടതിയുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ചെയ്‌തത്. ഈ വിഷയത്തിൽ കോടതി ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തെരുവുനായ ശല്യത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന് വരണം. തനിച്ച് നടത്തിയ ഈ പ്രതിഷേധം ഒരു കൂട്ടായ്‌മയിലേക്ക് നയിക്കുമെന്നും ജിൽസ് പെരിയപുറം പ്രതീക്ഷ പ്രകടിപ്പിച്ചു. കേരള ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധങ്ങൾക്ക് വിലക്കുള്ള ദൂരപരിധിയിലായിരുന്നു ജിൽസിന്‍റെ പ്രതിഷേധം.
ആറു വർഷം മുമ്പ് തെരുവുനായ ശല്യം രൂക്ഷമായ വേളയിൽ തെരുവുനായയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി ജിൽസ് പെരിയപുറം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ വിചാരണയും നേരിട്ടിരുന്നു. ഇതിൽ ഒരു കേസിൽ ചെറിയ തുക പിഴ നൽകിയിരുന്നു. രണ്ടാമത്തെ കേസിൽ കോടതി വെറുതെ വിടുകയും ചെയ്‌തു.