എറണാകുളം: 'എന്‍റെ മുന്നിലിരിക്കുന്ന ജയം രവിയെ കാണുമ്പോൾ മമ്മൂട്ടി ചെറുപ്പമായി വന്നതുപോലെ എനിക്ക് തോന്നുന്നു' എന്ന് നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലൻ. ഇരൈവന്‍ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ജയം രവി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു ഗോകുലം ഗോപാലന്‍ മനസുതുറന്നത്.
പ്രശസ്‌തനായ തമിഴ് നടൻ ജയം രവി മലയാളത്തിലും ഏറെ ആരാധക വൃന്ദമുള്ള നായകന്മാരിൽ ഒരാളാണ് (Iraivan Movie). കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ പുതു ചിത്രം ഇരൈവന്‍റെ ട്രെയിലറുകളും അനുബന്ധ പ്രമോഷണൽ വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കഴിഞ്ഞിരുന്നു.
പതിവ് ശൈലിയിൽ നിന്നും മാറി ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ജയം രവി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ട്രെയിലറിലെയും സ്‌നീക്ക് പീക്കുകളിലെയും ഓവർ വയലൻസ് നിറഞ്ഞ രംഗങ്ങൾ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. കേരളത്തിൽ ഇരൈവൻ പ്രദർശനത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആണ്.
ജയം എന്ന ചിത്രത്തിൽ അഭിനയിച്ചു തുടങ്ങി കരിയറിൽ മുഴുവൻ ജയിച്ചു കൊണ്ടേയിരിക്കുന്ന നടനാണ് ജയം രവി. കരിയറിലെ ഏറ്റവും പുതിയ ചിത്രത്തിന് അദ്ദേഹം ഇരൈവൻ അതായത് ദൈവം എന്ന പേര് നൽകിയത് വളരെയധികം സന്തോഷം തോന്നുന്നു എന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
നന്മയുള്ള മനുഷ്യരെല്ലാം തന്നെ ദൈവങ്ങളാണ്. ജയം രവിയും വളരെയധികം നന്മയുള്ള ഒരു മനുഷ്യനാണ്. ഇരൈവൻ എന്ന സിനിമയുടെ പേരുമായി അദ്ദേഹത്തിന് വളരെയധികം സാമ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ തന്‍റെ സഹോദരി സഹോദരന്മാർക്ക് കാണുവാനായി ഈ ചിത്രം വിതരണത്തിന് എടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നീതിക്കും ന്യായത്തിനും വേണ്ടി ഏതറ്റം വരെയും പോകാൻ കെൽപ്പുള്ള ഒരു നായക കഥാപാത്രമാണ് ജയം രവി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമ മുഴുവനായി കാണുവാൻ സാധിച്ചിട്ടില്ല എങ്കിലും കാണാൻ സാധിച്ച രംഗങ്ങൾ അത്രയും സംതൃപ്‌തിപ്പെടുത്തിയിരുന്നു.
ചിത്രം അന്തസ്സോടുകൂടിയും അഭിമാനത്തോടുകൂടിയും ആണ് ഞാൻ വിതരണത്തിന് എടുത്തത്. അതിനുള്ള ഭാഗ്യം തനിക്ക് നൽകിയതിന് ജയം രവിയോട് ആദ്യം തന്നെ നന്ദി പറയുന്നു. ജയം രവിയേക്കാൾ സൗന്ദര്യമുള്ള നായകന്മാർ ഏറെ ഉണ്ടാകാം. പക്ഷേ അദ്ദേഹത്തിനുള്ള ദൈവ ചൈതന്യമാണ് ജയം രവിയെ പ്രിയങ്കരൻ ആക്കിയത്.
അദ്ദേഹത്തിന്‍റെ പിതാവായ എഡിറ്റർ മോഹൻ തനിക്ക് വളരെയധികം പ്രിയങ്കരനായ വ്യക്തിയാണ്. കുടുംബവുമായി നല്ല ബന്ധമുണ്ടെന്നും ചെന്നൈയിൽ തന്‍റെ വീടിന്‍റെ തൊട്ടടുത്തു തന്നെയാണ് ജയം രവിയുടെ കുടുംബവും താമസിക്കുന്നതെന്നും ജയം രവിയുടെ തിരക്കു കാരണമാണ് പലപ്പോഴും അദ്ദേഹത്തിന്‍റെ വീട്ടിൽ സന്ദർശനം നടത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.