എറണാകുളം: ചക്ക വിളവെടുപ്പിൽ മികച്ച നേട്ടം കൈവരിച്ച് ശ്രദ്ധേയനായി പൊലീസ് ഉദ്യോഗസ്ഥൻ. കോതമംഗലം സ്വദേശിയായ മുഹമ്മദിന്‍റെ ഫാമിൽ നൂറോളം വിയറ്റ്നാം ഏർലി പ്ലാവുകളാണ് വിളഞ്ഞ് നിൽക്കുന്നത്. ഇത്തരം പ്ലാവുകൾ കായ്ക്കാൻ ഒന്നര വർഷം വേണം. പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതുകൊണ്ടും കൃഷിയോടുള്ള ആത്മബന്ധവുമാണ് ഈ രംഗത്തേക്ക് ഇറങ്ങാൻ പ്രചോദനമായതെന്ന് മുഹമ്മദ് പറഞ്ഞു. വിയറ്റ്നാം ഏർലിയുടെ വിളവെടുപ്പ് ഉത്സവം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു.
സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഫലമായ ചക്കയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞത് കേരളത്തിന് പുറത്തുള്ളവരാണെന്ന് പറയുന്നുണ്ടെങ്കിലും മുഹമ്മദിനെപ്പോലുള്ളവർ ഉള്ളിടത്തോളം കാലം ചക്കയുടെ മഹത്വം ഇവിടെ നിലനിൽക്കും. സ്ഥലപരിമിതിയുള്ളവർക്കും വിയറ്റ്നാം പ്ലാവുകൾ പരീക്ഷിക്കാമെന്ന് മുഹമ്മദ് പറയുന്നു.