എറണാകുളം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കമ്പനികള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. രോഗബാധിത മേഖലകള്‍ സന്ദര്‍ശിച്ച ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാനും മൂന്നിലൊന്ന് ഭാഗം ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനികള്‍ നിര്‍ദേശം നല്‍കി.
കമ്പനികളിലെ പഞ്ചിങ് സംവിധാനവും നിര്‍ത്തലാക്കി. ജീവനക്കാരോട് സ്വന്തം വാഹനം ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്‌ച പത്തനംതിട്ട ജില്ലയിലെ വീടുകളില്‍ അവധിക്ക് പോയ ജീവനക്കാരോട് തിരിച്ച് ജോലിയില്‍ പ്രവേശിക്കരുതെന്നും കമ്പനികള്‍ അറിയിച്ചു.
എന്നാല്‍ കൊവിഡ് 19 കൊച്ചിയിലെ ഐടി മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. മുന്‍കരുതല്‍ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി'യുടെ ഭാരവാഹിയായ ഷുക്കൂര്‍ പറഞ്ഞു.