എറണാകുളം: വിവിധ ആവശ്യങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ട് കർഷകരുടെ ധർണ. വടാട്ടുപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധർണ നടത്തിയത്. വന്യ മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിന് പരിഹാരം കാണുക, പട്ടയ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി നൽകുക, വനംവകുപ്പ് അനധികൃതമായി അടച്ചുപൂട്ടിയ വടാട്ടുപാറ - കുട്ടമ്പുഴ റോഡിൽ സഞ്ചാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാർട്ടി ഉന്നയിച്ചത്.
പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ തേക്ക് മരങ്ങൾ ഉടമസ്ഥർക്ക് മുറിക്കാൻ അനുവാദമില്ലെന്നും വനം വകുപ്പ് അധികാരികൾ പെരുമാറ്റം ബുദ്ധിമുട്ടിലാക്കുന്നു എന്നും കർഷകർ ആരോപിക്കുന്നു. മാത്രമല്ല വടാടു പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലേക്ക് കടക്കുന്ന മൂന്നര കിലോമീറ്റർ മാത്രമുള്ള റോഡ് വനം വകുപ്പ് അടച്ചതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്. കിലോമീറ്ററുകൾ താണ്ടിയാണ് വടാട്ടുപാറ നിവാസികൾ ഇപ്പോൾ കുട്ടമ്പുഴ പഞ്ചായത്തിൽ എത്തിച്ചേരുന്നത്.
കാട്ടാനകളും, കുരങ്ങുകളും കൂട്ടത്തോടെ ഇറങ്ങി വന്ന് വൻ കൃഷി നാശം ഉണ്ടാക്കുന്നു. നിരവധി തവണ കാട്ടാന ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള പ്രദേശവാസികൾ രാത്രിയും പകലും ഭയന്നാണ് വീടുകളിൽ കഴിയുന്നത്. ധർണ കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്‌തു. വടാട്ടുപാറ കുട്ടമ്പുഴ മേഖലയിലെ ജനങ്ങളോട് സർക്കാർ ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്നും, കർഷകർ വച്ചുപിടിപ്പിച്ച പട്ടയഭൂമിയിലെ മരങ്ങൾ പോലും മുറിക്കാൻ അനുവാദമില്ലാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ധർണ ഉദ്ഘാടനം ചെയ്‌ത മാത്യു കുഴൽനാടൻ പറഞ്ഞു.