അതിജീവനത്തിന്റെ ഓർമ്മകളുമായി ഇന്നസെന്‍റ് അജിതയെ കാണാനെത്തി. കാൻസറിനെതിരെ ഇന്നസെന്റ് നടത്തിയ ഒരു പ്രസംഗമായിരുന്നു ഈ സംരംഭകയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ, അങ്കമാലിയിലെ അജിതയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് വർഷം മുമ്പ് അങ്കമാലിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് ഇന്നസെന്‍റ് നടത്തിയ, കാൻസറിനെതിരെയുള്ള ബോധവൽക്കരണമാണ് അങ്കമാലി കരിയാംപറമ്പിൽ അജിതയുടെ ജീവിതത്തിൽ നിർണായകമായത്.
അങ്കമാലി താലൂക്ക് ആശുപത്രിയിലെ മാമോം ഗ്രാം യൂണിറ്റിലെത്തിയായിരുന്നു അവർ കാൻസർ നിർണയ പരിശോധന നടത്തിയത്. ശ്രദ്ധാ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്നസെന്‍റ് തന്നെയാണ് ആശുപത്രിയില്‍ മാമോം ഗ്രാം യൂണിറ്റ് സ്ഥാപിച്ചത്. പരിശോധനയിൽ കാൻസർ രോഗം സ്ഥിരീകരിക്കുകയും തുടക്കത്തിൽ തന്നെ ചികിത്സ തുടങ്ങാനും അജിതക്ക് കഴിഞ്ഞു. താൻ ഇന്നും ജീവനോടെയിരിക്കുന്നതിന് കാരണം എംപിയാണന്ന് അജിത പറഞ്ഞു. ഇന്നസെന്‍റിനെ പോലെ എറണാകുളത്തെ പ്രമുഖ ഓങ്കോജി വിദഗ്ധന്‍ ഡോ വിപി ഗംഗാധരന്‍റെ ചികിത്സയിലാണ് അജിതയും സുഖം പ്രാപിച്ചത്. അഞ്ച് സെന്‍റ് വസ്തുവില്‍ വീടുകൾ നിർമിച്ചു നൽകുന്ന സംരംഭക കൂടിയാണ് അജിത.
തുടർ പരിശോധനകളെക്കുറിച്ച് ഓർമപ്പെടുത്തിയും കാൻസർ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ആവശ്യപ്പെട്ടുമാണ് ഇന്നസെന്‍റ് മടങ്ങിയത്. അതേസമയം ഔപചാരികതയുടെ പേരിൽപ്പോലും അജിതയോട് വോട്ടഭ്യർഥിക്കാൻ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥി തയാറായില്ല.