എറണാകുളം: കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍ര്‍പ്രൈസില്‍ സ്‌പ്രിംഗ്‌ളര്‍ മാതൃകയില്‍ വിവരം ചോര്‍ത്തല്‍ നടന്നെന്ന ആരോപണവുമായി പി.ടി തോമസ് എംഎല്‍എ. 35 ലക്ഷം ഇടപാടുകാരുടേയും ജീവനക്കാരുടെയും ഡാറ്റ അമേരിക്കൻ കമ്പനിയായ ക്ലിയർ ഐ-ക്ക് നൽകിയെന്നും ഇതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെ എസ് എഫ് ഇ-യുടെ വിവിധ പദ്ധതികളിലായി കൺസൾട്ടൻറുമാരെ നിയമിച്ചതിലും അഴിമതിയുണ്ട്. ഡാറ്റ ചോർത്തൽ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്‌എഫ്‌ഇയുടെ 600 ബ്രാഞ്ചുകളിലെ ഇടപാടുകൾ സുഗമമാക്കാൻ മൊബൈൽ ആപ്ലിക്കേഷനകളും വെബ് പോർട്ടലുകളും നിർമിക്കാൻ ടെൻഡർ നൽകിയതിലും ക്രമക്കേടുണ്ട്. പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകൻ - രവി പിള്ള ഗണേഷിൻ്റെ കമ്പനിയായ എ.ഐ വെയറിൻ്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് 67.50 ലക്ഷം രൂപയുടെ കരാർ ഉറപ്പിച്ചത്. ടെണ്ടർ ലഭിച്ച് ആറു മാസത്തിനുള്ളിൽ എ.ഐ വെയർ കമ്പനി ക്ലിയർ ഐ എന്ന അമേരിക്കൻ കമ്പനിയിൽ ലയിച്ചത് സംശയം ജനിപ്പിക്കുന്നതായി പി.ടി. തോമസ് പറഞ്ഞു.
കെഎസ്‌എഫ്‌ഇയുടെ കാസ്ബ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഡയറക്‌ടറെ 35 ലക്ഷത്തോളം രൂപ നൽകി നിയമിച്ചതിലും അഴിമതിയുണ്ട്. 100 കോടി രൂപയുടെ പുതിയ സോഫ്റ്റ് വെയർ പദ്ധതിക്ക് കൺസൾട്ടൻസി റിപ്പോർട്ട് നൽകിയതിലും അഴിമതി ചൂണ്ടിക്കാട്ടുന്നു. വിവിധ പദ്ധതികളിലായി രണ്ട് കൺസൾട്ടൻ്റുമാരെ ക്രമ വിരുദ്ധമായി പിൻവാതിലിലൂടെ കെഎസ്‌എഫ്ഇ നിയമിച്ചിട്ടുണ്ട്. ഇവരുടെ നിയമനത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്നും പി.ടി.തോമസ് ആരോപിച്ചു.