എറണാകുളം: മുവാറ്റുപ്പുഴ നഗരമധ്യത്തില്‍ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. ഞായറാഴ്ച വൈകിട്ടോടെ മുവാറ്റുപുഴ പിഓ ജങ്ഷനിലെ ആരക്കുഴ റോഡ് ഓട്ടോ സ്റ്റാൻഡിനു സമീപത്തായിരുന്നു സംഭവം. പണ്ടിരിമല തടിലക്കുടിപാറയിൽ അഖിലിനാണ്(19) വെട്ടേറ്റത്. പ്രതിയായ കറുകടം ഞാഞ്ഞുൽ കോളനിയിലെ ബേസിൽ എൽദോക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ബേസിലിന്‍റെ സഹോദരിയുമായി അഖിൽ പ്രണയത്തിലാണ്. ഇതിനെ ബേസിൽ എതിർത്തിരുന്നു. ഇതാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. യുവാവിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.
സഹോദരൻ ആക്രമിക്കാൻ മാരക ആയുധവുമായി തിരിച്ചുവെന്ന് പെണ്‍കുട്ടി അഖിലിനെ വിളിച്ചറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അഖിൽ കൂട്ടുകാരനുമൊത്ത് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മാസ്ക് വാങ്ങി ഇറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ ബേസിൽ മാരകായുധം ഉപയോഗിച്ചു വെട്ടിപ്പരിക്കേല്പിച്ച ശേഷം രക്ഷപെട്ടു. ആക്രമണത്തിൽ അഖിലിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിന് നിസാര പരിക്കുണ്ട്. കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റ അഖിലിനെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.