എറണാകുളം: ഡോക്‌ടർമാരെ മർദിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിയമസഭയിലെ രേഖാമൂലമുള്ള മറുപടിയിൽ പ്രതിഷേധമറിയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മന്ത്രിയുടെ പ്രസ്‌താവന ശരിവയ്‌ക്കാനാവില്ലെന്നും നടപടിയുണ്ടായില്ലെങ്കിൽ വാക്‌സിനേഷൻ അടക്കമുള്ളവ നിർത്തി വെയ്ക്കുമെന്നും ഐഎംഎ അറിയിച്ചു.
പ്രസ്‌താവനയിൽ കടുത്ത പ്രതിഷേധം
അക്രമങ്ങൾ നടന്നത് വീണ ജോർജ് ആരോഗ്യമന്ത്രിയായ കാലത്ത് തന്നെയാണന്നും സംസ്ഥാന പ്രസിഡന്‍റ് ഡോ. സക്കറിയാസ് പറഞ്ഞു. മന്ത്രിയെ നേരിൽ കണ്ട് പ്രശ്‌നങ്ങൾ ബോധിപ്പിച്ചതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎംഎയുടെ കൊച്ചി ഘടകം എറണാകുളം റൂറല്‍ പൊലീസ് മേധാവിയുടെ ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്യൂട്ടി ഡോക്‌ടറെ മർദിച്ച പ്രതിയെ പത്ത് ദിവസമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡോക്‌ടർമാരുടെ പ്രതിഷേധം.
വിശദീകരണവുമായി ആരോഗ്യമന്ത്രി
അതേസമയം നിയമസഭയില്‍ നല്‍കിയ വിവാദ മറുപടി തിരുത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. സാങ്കേതിക പിഴവ് മൂലമാണ് മറുപടി മാറാന്‍ കാരണമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
പ്രതിയെ സംരക്ഷിക്കുന്നതായി ആരോപണം
ഇക്കഴിഞ്ഞ മൂന്നാം തിയതി ഉച്ചയ്ക്ക് ഒരുമണിയോടെ പുക്കാട്ടുപടി തഖ്‌ദീസ് ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളുളള ഭാര്യയ്ക്കും കുട്ടികള്‍ക്കും ചികിത്സ തേടി എത്തിയ വ്യക്തിയാണ് ഡ്യൂട്ടി ഡോക്‌ടറായ ജീസണ്‍ ജോണിയെ അസഭ്യം പറയുകയും കൈയ്യേറ്റം നടത്തുകയും ചെയ്‌തത്. ഐപിസി 323, 294(ബി), 506 വകുപ്പുകള്‍ക്ക് പുറമെ 2012-ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും എടത്തല പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല.
ALSO READ: വിവാദ പ്രസ്താവന തിരുത്തി വീണ ജോര്‍ജ്; സാങ്കേതിക പിഴവെന്ന് വിശദീകരണം
പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഇത് പൊലീസിന്‍റെ ഒത്തുകളിയാണന്നും പ്രതികൾ നാട്ടിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും ഐഎംഎ ആരോപിക്കുന്നു. പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്‌ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഐഎംഎയുടെ ആവശ്യം. റൂറല്‍ പൊലീസ് മേധാവിയുടെ ഓഫിസിന് മുന്നില്‍ കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ആരോഗ്യപ്രവര്‍ത്തകർ പ്രതിഷേധിച്ചത്.