മലപ്പുറം: എടവണ്ണ ചെറുമണ്ണില്‍ അനധികൃത ഗ്യാസ് റീ ഫില്ലിങ് കേന്ദ്രം കണ്ടെത്തി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. എരഞ്ഞിക്കോട് കുരിശുംപടി കൊച്ചു പറമ്പില്‍ ഷഫീറിനെയാണ് (21) അറസ്റ്റ് ചെയ്‌തത്. എടവണ്ണ ചെറുമണ്ണ് പാറക്കാടന്‍ ഷിജിലിന്‍റെ വീട്ടില്‍ അനധികൃത ഗ്യാസ് റീ ഫില്ലിങ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുന്ന് മണിയോടെയായിരുന്നു അറസ്റ്റ്.
നിലമ്പൂര്‍ ഡിവൈഎസ് പി സാജു കെ.എബ്രഹാമിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി ഗ്യാസ് റീ ഫില്ലിങ് നടക്കുന്നതായി കണ്ടെത്തിയത്. 45 സിലിണ്ടറുകളും 4 ഫില്ലിങ് മോട്ടറുകളും, രണ്ട് ത്രാസും പിടിച്ചെടുത്തു. വീട്ടുടമ ഷിജിലിനെതിരെ സമാന കുറ്റകൃത്യത്തിന് മുന്‍പും കേസുണ്ട്.
വീട്ടാവശ്യത്തിന് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ അനധികൃതമായി ശേഖരിച്ച് അതില്‍ നിന്നും നാല് പ്രത്യേകം മോട്ടോറുകളുടെ സഹായത്തോടെ മറ്റ് സിലിണ്ടറുകളിലേക്ക് മാറ്റി നിറച്ച് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂടിയ വിലയ്‌ക്ക് വില്‍ക്കുന്നതിനായിട്ടാണെന്ന് കണ്ടെത്തിയത്. എടവണ്ണ എസ്ഐ അബ്‌ദുല്‍ അസീസ്, എഎസ്ഐ സുഭാഷ്, സിപിഒ ബിജു, ജില്ല പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് അംഗങ്ങളായ എസ്ഐഎം അസ്സൈനാര്‍, എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പിടിച്ചെടുത്ത സിലിണ്ടറുകള്‍ എല്ലാം ഇന്ത്യന്‍, എച്ച് പി കമ്പനികളുടേതാണ്. സംഘത്തിന് ഇത്രയധികം സിലിണ്ടറുകള്‍ നല്‍കിയ ഗ്യാസ് ഏജന്‍സികള്‍ക്കെതിരെയും ഇവരില്‍ നിന്നും ഗ്യാസ് വാങ്ങുന്നവര്‍ക്കെതിരെയും അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.