എറണാകുളം: മോൻസൺ മാവുങ്കൽ (Monson Mavunkal) പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ മൂന്നാം പ്രതിയായ ഐജി ജി. ലക്ഷ്‌മണയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു ( IG Lakshmana Antiquities fraud case). കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ (ഓഗസ്റ്റ് 23) പതിനൊന്നര മണിയോടെയാണ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഐ.ജി എത്തിയത് (IG Lakshmana before Crime Branch).
കേസിലെ പ്രതിയായ ഐജി ജി. ലക്ഷ്‌മണ ആദ്യമായാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്. ചോദ്യം ചെയ്യൽ ഇന്ന് വൈകുന്നേരം വരെ നീളാനാണ് സാധ്യത. ഈ കേസിൽ ഐ.ജി. ലക്ഷമണയ്‌ക്ക് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ രണ്ട് തവണ നോട്ടിസ് നൽകി വിളിപ്പിച്ചെങ്കിലും ഐജി ലക്ഷ്‌മണ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഐജിക്കെതിരായ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ഈ റിപ്പോർട്ട് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഐ.ജി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായത്.
READ MORE: മോൻസണും ഐജി ലക്ഷ്‌മണയും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവുകൾ പുറത്ത്
പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പിൽ മുഖ്യ ആസൂത്രകൻ ഐ.ജി ലക്ഷ്‌മണ ആണെണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ലക്ഷ്‌മണയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ക്രൈം ബ്രാഞ്ച് ചുമത്തിയിരുന്നു. നിലവിൽ നടത്തിയിട്ടുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ഐജി ജി ലക്ഷ്‌മൺ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ലക്ഷ്‌മണിന്‍റെ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ട് നൽകിയത്. ആയുർവേദ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഐ ജി സമർപ്പിച്ച മെഡിക്കൽ രേഖയിൽ സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടെന്നിരിക്കെ ഐജി ചികിത്സ തേടിയത് വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ്. ഐ പി എസ് പദവി ദുരുപയോഗം ചെയ്‌ത് മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഐജി ജി ലക്ഷ്‌മണ്‍ മോൻസനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. മോൻസണുമായി ഐജി നടത്തിയ ഫോൺ വിളി വിവരങ്ങളും ടവർ ലൊക്കേഷൻ വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം മുൻനിർത്തിയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുക.
ഐ ജി ലക്ഷ്‌മൺ ഉള്‍പ്പടെയുള്ളവര്‍ നൽകിയ ഉറപ്പിലാണ് പരാതിക്കാർ മോൻസണ് വൻതുക കൈമാറിയതെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. മോൻസൺ പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ലക്ഷ്‌മണിനെ പിന്നീട് സർവീസിൽ തിരിച്ചെടുത്തിരുന്നു.