എറണാകുളം: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന് സംഘർഷമുണ്ടായ സാഹചര്യത്തിൽ എറണാകുളം മഹാരാജാസ് കോളജ് അടച്ചു. രണ്ടാഴ്ചത്തേക്ക് കോളജും ഹോസ്റ്റലും അടച്ചിടാനാണ് ഗവേണിങ് കൗൺസിൽ തീരുമാനം.
തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് നൽകിയ നിർദേശം കോളജ് ഭരണസമിതി അംഗീകരിക്കുകയായിരുന്നു. കോളജ് വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെയും ഗവേണിങ് കൗൺസിൽ നിയോഗിച്ചിട്ടുണ്ട്.
ALSO READ: പഠിപ്പ് മുടക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ് നാട്ടുകാര്‍; വടകരയില്‍ സംഘര്‍ഷം
അതേസമയം കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർ ഒളിച്ചിരിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജ് ഹോസ്റ്റലിലേക്ക് മാർച്ച് നടത്തി. പൊലീസ് മാർച്ച് തടഞ്ഞങ്കിലും ബാരിക്കേട് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ നടന്ന സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നോബിൾ മാത്യുവിന് പരിക്കേറ്റു.
കെ.എസ്.യു വിദ്യാർഥികൾക്കെതിരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ എസ്.എഫ്.ഐ തയാറാകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സി.പി.എം നേതൃത്വം ഇടപ്പെട്ട് ആക്രമണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഉപരോധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.