എറണാകുളം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നു. ഇന്ന്(29.08.2022) വൈകുന്നേരം നാല് മണിക്കാണ് ഡാം തുറന്നത്. റൂള്‍ കര്‍വ് പ്രകാരം ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നത്.
രണ്ട് ഷട്ടറുകൾ 50 സെന്‍റീമീറ്ററാണ് ഉയർത്തിയത്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. നിലവിൽ ഡാമിലെ ജലനിരപ്പ് 164.05 മീറ്ററാണ്.
50 മുതല്‍ 100 സെന്‍റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.
പുഴ മുറിച്ചു കടക്കുന്നതും, മീന്‍ പിടിക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും കലക്‌ടര്‍ നിർദേശിച്ചു.