എറണാകുളം : ദുർമന്ത്രവാദത്തിന്‍റെ ഭാഗമായി ഇലന്തൂർ നരബലി ആസൂത്രണം ചെയ്‌തത് മുഖ്യപ്രതി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു. കൂട്ടുപ്രതികളായ ഭഗവല്‍ സിങ്ങിന്‍റെയും ലൈലയുടെയും അന്ധവിശ്വാസം മുതലെടുത്താണ് ഷാഫി കുറ്റകൃത്യം നടപ്പിലാക്കിയത്. കടവന്ത്രയിൽ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ പത്മത്തെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്നും കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതൊരു സാധാരണ തിരോധാന കേസല്ലെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ മനസിലായിരുന്നു. സ്കോർപ്പിയോ വാഹനത്തിൽ പത്മത്തെ കയറ്റിക്കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത് കേസ് അന്വേഷണത്തിൽ നിർണായകമാവുകയായിരുന്നു. വാഹനം ഷാഫിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഇയാളെ ചോദ്യം ചെയ്‌ത് വിവരങ്ങൾ ശേഖരിക്കുകയെന്നത് പൊലീസിന് ശ്രമകരമായിരുന്നു.
വയോധികയെ പീഡിപ്പിച്ചതും അന്വേഷിക്കും : അന്വേഷണം വഴിതെറ്റിക്കുന്ന രീതിയിലായിരുന്നു പ്രതി മൊഴി നൽകിയിരുന്നത്. അവസാനം കൂട്ടുപ്രതികളെ കണ്ടെത്തി ചോദ്യം ചെയ്‌തതോടെയാണ് ഞെട്ടിക്കുന്ന നരബലിയുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിലാണ് പ്രതികൾ ആലുവയിലെ റോസ്‌ലിയെയും നരബലി നടത്തി കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്. ഈ രണ്ട് കേസുകളും ഒരുമിച്ചാണ് അന്വേഷിക്കുക. ഷാഫി പ്രതിയായ വയോധികയെ പീഡിപ്പിച്ച കേസും പൊലീസ് പരിശോധിക്കും.
ALSO READ| ഷാഫി ലൈംഗിക വൈകൃതത്തിന് അടിമ, മാംസം കഴിച്ചതിനും തെളിവുകള്‍; കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍
സാമ്പത്തിക നേട്ടവും ലൈംഗിക താത്‌പര്യവുമാണ് ഒന്നാം പ്രതി ഷാഫിക്ക് കുറ്റകൃത്യത്തിന് പ്രചോദനമായത്. നരബലി നടത്തിയാൽ ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസമാണ് രണ്ടാം പ്രതി ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ കുറ്റകൃത്യത്തിൽ പങ്കാളികളാക്കിയത്. ഇത്തരമൊരു ധാരണ പ്രതികളിലുണ്ടാക്കിയത് ഷാഫിയാണ്. അസാധാരണ മാനസിക നിലയുള്ള കൊടുംകുറ്റവാളിയാണ് മുഹമ്മദ് ഷാഫിയെന്നാണ് വ്യക്തമായത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.
കേസില്‍ കൂടുതൽ തെളിവ് ശേഖരിക്കേണ്ടതുണ്ട്. പുത്തൻ കുരിശിൽ വയോധികയെ പീഡിപ്പിച്ച കേസിലാണ് ഷാഫി നേരത്തെ പ്രതിയായത്. ഭഗവൽ സിങ്ങിനും ഭാര്യയ്ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും സിഎച്ച് നാഗരാജു വ്യക്തമാക്കി. കൂടുതൽ പേർ ഇരകളാക്കപ്പെട്ടിട്ടുണ്ടോ എന്നന്വേഷിച്ച് വരികയാണ്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. രണ്ട് കൊലപാതകങ്ങളും നടന്നത് വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷമാണ്. രണ്ട് കൊലപാതകത്തിലും സ്വീകരിച്ചത് ഒരേ രീതിയാണ്.
കുഴി നേരത്തേ ഒരുക്കി, അടക്കിയത് കഷണങ്ങളാക്കി : റോസ്‌ലിയെ കെട്ടിയിട്ട് സ്വകാര്യ ഭാഗത്ത് കുത്തി പരിക്കേല്‍പ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പത്മത്തെ കയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയ ശേഷമാണ് അറുത്തുകൊന്നത്. മൃതദേഹം കഷണങ്ങളാക്കി മുറിച്ച ശേഷമാണ് നേരത്തെ തയ്യാറാക്കിയ കുഴിയിൽ അടക്കം ചെയ്‌തത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് വരികയാണ്. കുറ്റവാളികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പ്രതികൾക്കായി ഇന്ന് (ഒക്‌ടോബര്‍ 12) തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
നരഭോജനം നടത്തിയതായി വിവരം : 12 ദിവസത്തേയ്ക്ക് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൊല്ലാൻ ഉപയോഗിച്ച കത്തികൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ച സ്ത്രീകളുടെ ആഭരണങ്ങൾ അഴിച്ചെടുത്തതായി വിവരമുണ്ട്. കൂടുതൽ അന്വേഷണം നടത്തണം. പ്രതികളുടെ വീട്ടിൽ നിന്ന് മന്ത്രവാദത്തെക്കുറിച്ചുള്ള പുസ്‌തകം കണ്ടെടുത്തിരുന്നു. ആദ്യത്തെ കൊലപാതകത്തിന് ശേഷം ഭഗവല്‍ സിങ്ങും ലൈലയും നരഭോജനം നടത്തിയതായി വിവരങ്ങളുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണ്.
ഒരു വർഷത്തിലേറെ ഭഗവൽ സിങ്ങുമായി ബന്ധം സൂക്ഷിച്ച ശേഷമാണ് പ്രതി ഷാഫി, നരബലിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയതെന്നും കമ്മിഷണർ പറഞ്ഞു. കൊലപാതകങ്ങളിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇതുവരെ വ്യക്തമായത്. ഏതെങ്കിലും തരത്തിൽ പ്രതികളെ സഹായിച്ചവർ ഉണ്ടെങ്കിൽ ഇവരെ കൂടി കണ്ടെത്തുമെന്നും കമ്മിഷണർ അറിയിച്ചു. അന്വേഷണ ചുമതലയുള്ള ഡിസിപി എൻ ശശിധരനെയും സംഘത്തെയും അദ്ദഹം അഭിനന്ദിച്ചു.