എറണാകുളം : മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ റോയി ജെ വയലാട്ട് അറസ്റ്റിൽ. ഡി.ജെ പാർട്ടി (DJ party) നടന്ന നമ്പർ 18 (No :18) ഹോട്ടലിലെ അഞ്ച് ജീവനക്കാരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഞ്ജന ഷാജന്‍ (Anjana Shajan), അന്‍സി കബീര്‍ (Ancy Kabeer) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് അറസ്റ്റ്.
തെളിവുകൾ നശിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം. ഡി.ജെ പാർട്ടി നടന്നതടക്കം ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് നടപടി. ചൊവ്വാഴ്‌ച റോയിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
പാലാരിവട്ടം പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ (DVR) റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇതിലും നിശാ പാർട്ടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ദൃശ്യങ്ങളടങ്ങിയ മറ്റൊരു ഡി.വി.ആർ കൂടി ഉണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
Also Read: Kerala Rain Update : ന്യൂനമര്‍ദ്ദം തീരം തൊടുന്നു ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇത് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ റോയിയുടെ സാന്നിധ്യത്തില്‍ ഹോട്ടലിലും അദ്ദേഹത്തിന്റെ വീട്ടിലും പരിശോധന നടത്തിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന് വിലയിരുത്തിയാണ് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തത്.
അപകടത്തിന് ശേഷം ഈ ദൃശ്യങ്ങൾ ഹോട്ടൽ അധികൃതർ മാറ്റിയെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഉടമ പറഞ്ഞതനുസരിച്ച് ദൃശ്യങ്ങൾ മാറ്റിയതായാണ് ജീവനക്കാരൻ പൊലീസിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഹോട്ടൽ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.