എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. യുവാവ് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി രാകേഷാണ് ഇന്നലെ (ഒക്‌ടോബര്‍ 24) നെടുമ്പാശ്ശേരി പൊലീസിന്‍റെ പിടിയിലായത്. ലഗേജ് ഭാരം കുറയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിൽ പ്രകോപിതനായാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.
സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് യാത്ര തിരിക്കാൻ എത്തിയതായിരുന്നു യുവാവ്. ഇയാളുടെ ലഗേജിന്‍റെ ഭാരം അനുവദിക്കപ്പെട്ടതിലും കൂടുതലായിരുന്നു. സുരക്ഷ ജീവനക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെ പ്രകോപിതനായ യുവാവ് ലഗേജില്‍ ബോംബുണ്ടോയെന്ന് ചോദിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് സുരക്ഷ ജീവനക്കാര്‍ വീണ്ടും പരിശോധന നടത്തി. രണ്ടാമതും പരിശോധന നടത്തിയത് കാരണം വിമാനം യാത്ര പുറപ്പെടാന്‍ വൈകി. സുരക്ഷ ജീവനക്കാരുടെ ഇടപെടലില്‍ പ്രകോപിതനായാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് അറസ്റ്റിലായ രാകേഷ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്താവളത്തില്‍ സമാന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബോംബ് ഭീഷണിയുയര്‍ത്തി ഫോണ്‍ കോള്‍: അടുത്തിടെ കൊച്ചി വിമാനത്താവളത്തിലെ സിഐഎസ്‌എഫ് കണ്‍ട്രോള്‍ റൂമിലേക്ക് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ബോംബ് വച്ചതായി ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. രാവിലെ ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിനാണ് ഭീഷണിയുണ്ടായത്. ഇതോടെ യാത്ര തിരിക്കാന്‍ റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ച് വിളിച്ച് പരിശോധനക്ക് വിധേയമാക്കി.
ഐസോലേഷന്‍ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയാണ് വിമാനം പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഒരു കുഞ്ഞ് ഉള്‍പ്പെടെ 139 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ ഗേറ്റ് നമ്പര്‍ ഏഴിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലേക്ക് മാറ്റിയാണ് പരിശോധന നടത്തിയത്. ലഗേജ് അടക്കമുള്ളവ ഇറക്കി പരിശോധന നടത്തിയിട്ടും വിമാനത്തില്‍ സംശായ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിമാനം ബെംഗളൂരുവിലേക്ക് തിരിക്കുകയും ചെയ്‌തു.
വിമാനത്താവളത്തില്‍ നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ ഇതിനെതിരെ നടപടി കര്‍ശനമാക്കാെനാരുങ്ങുകയാണ് പൊലീസ്. ഇതിനായി എയര്‍പോര്‍ട്ട് അധികൃതരുടെ യോഗവും ചേര്‍ന്നിരുന്നു. സിഐഎസ്‌എഫ് ക്യുആര്‍ടി, ബോംബ് സ്‌ക്വാഡ്, സ്റ്റേറ്റ് പൊലീസ്, സിയാല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് എആര്‍എഫ്‌എഫ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ബോംബ് ഭീഷണി 55കാരന്‍ അറസ്റ്റില്‍: സമാന കേസില്‍ തൃക്കാക്കര സ്വദേശി അറസ്റ്റിലായത് അടുത്തിടെയാണ്. വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് 55 കാരനായ സാബു വര്‍ഗീസ് എന്നയാള്‍ പിടിയിലായത്. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ പോകാനെത്തിയപ്പോഴാണ് സംഭവം. സുരക്ഷ ജീവനക്കാര്‍ ബാഗ് പരിശോധിക്കുന്നതിനിടയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.