എറണാകുളം: ശബരിമല വിമാനത്താവള നിര്‍മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. അതേസമയം നഷ്‌ടപരിഹാര തുക കോടതിയില്‍ കെട്ടിവെച്ച് സ്ഥലം ഏറ്റെടുക്കാമെന്ന കലക്ടറുടെ ഉത്തരവിലെ വ്യവസ്ഥ കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചെന്നും കോടതി നിരീക്ഷിച്ചു. സ്ഥലം ഏറ്റെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയതും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അയനട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഭൂമി സര്‍ക്കാരിന്‍റേതാണെന്നും നഷ്‌ടപരിഹാരം നല്‍കില്ലെന്നും വാദത്തിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയ്‌ക്ക് നഷ്ടപരിഹാരം കെട്ടിവെക്കുമെന്ന് കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവിലെ ഈ വ്യവസ്ഥയാണ് കോടതി റദ്ദാക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.