എറണാകുളം : പാലാരിവട്ടം പാലം അഴിമതി കേസിൽ ടി.ഒ സൂരജ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അസിസ്റ്റൻറ് ജനറൽ മാനേജർ എം.ടി തങ്കച്ചൻ, ആർ.ഡി.എസ് കമ്പനിയുടമ സുമിത് ഗോയൽ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് 30 നാണ് വിജിലൻസ് ടി.ഒ സൂരജ് അടക്കമുള്ള നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ പ്രതികളിലൊരാളായ കിറ്റ്ക്കോ മുൻ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന് നേരത്തെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ആർ.ഡി.എസ് കമ്പനിയുടമ സുമിത് ഗോയലിന് മുൻകൂറായി 8.25 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 147ഓളം രേഖകളും വിജിലൻസിന്‍റെ കൈവശമുണ്ട്. പാലം നിർമ്മാണത്തിനുള്ള കരാറുകാരനെ തെരഞ്ഞെടുത്തതിലും, മുൻകൂറായി കരാറുകാരന് പണം അനുവദിച്ചതും, ഗുണനിലവാരത്തിൽ കുറഞ്ഞ നിർമ്മാണ പ്രവർത്തനം നടത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗുരുതരമായ ഗൂഢാലോചനയും ക്രമക്കേടും നടന്നതായി കോടതി നിരീക്ഷിച്ചിരുന്നു.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആർ.ഡി.എസ് കമ്പനിക്ക് കരാർ നൽകിയതെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിക്കുന്ന രേഖകളും വിജിലൻസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പലിശ വാങ്ങാതെ വായ്‌പ അനുവദിക്കാൻ മന്ത്രി ഫയലിൽ എഴുതിയതെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും പാലാരിവട്ടം കേസിൽ വിജിലൻസ് കസ്റ്റഡിയിലുള്ള ടി.ഒ സൂരജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.