എറണാകുളം: ലൈഫ് മിഷനെതിരായ സി.ബി.ഐ അന്വേഷണത്തിനേർപ്പെടുത്തിയ ഇടക്കാല സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. ഹർജിയിൽ ഇന്നുതന്നെ വാദം കേൾക്കണമെന്ന സി.ബി.ഐ യുടെ ആവശ്യം കോടതി തള്ളി. കേസിൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം കണക്കിലെടുത്താണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. സി.ബി.ഐ ഹർജിയിൽ പതിനേഴിന് വിശദമായി കോടതി വാദം കേൾക്കും.
ഹൈക്കോടതി ഏർപ്പെടുത്തിയ ഇടക്കാല സ്റ്റേ കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്നുവെന്ന് സിബിഐ പറയുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഗൂഢാലോചനയിൽ പങ്കാളികളാണ്. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റംമാത്രമാണ്. അന്വേഷണത്തിന്‍റെ ഈ ഘട്ടത്തിൽ ഏതൊക്കെ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സി.ബി.ഐയാണ്. ഈയൊരു സാഹചരത്തിൽ സ്റ്റേ ഒഴിവാക്കി അന്വേഷണം തുടരാൻ അനുവദിക്കണമെന്നാണ് സി.ബി.ഐ ആവശ്യം. ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് സമർപ്പിച്ച ഹർജിയിലാണ് ലൈഫ് മിഷനെതിരായ സി.ബി.ഐ അന്വേഷണം രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞത്.