എറണാകുളം: വിരമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകണമെന്ന് ഹൈക്കോടതി. ബാക്കി തുക മുൻഗണന അനുസരിച്ച് അതിനുശേഷം നൽകണം. വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ നൽകാനുള്ള തുക ഏപ്രിൽ മുതൽ വരുമാനത്തിൽ നിന്ന് മാറ്റിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഹർജി നൽകിയവർക്ക് മാത്രം ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്ന മുൻ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. 2022 ജനുവരി ഒന്നിന് ശേഷം വിരമിച്ച എല്ലാ ജീവനക്കാർക്കും 45 ദിവസത്തിനകം ഒരു ലക്ഷം രൂപ വിതരണം ചെയ്യേണ്ടതെന്നാണ് കോടതി ഉത്തരവ്. ബാക്കി തുക മുൻഗണന ക്രമത്തിൽ നൽകണം.
മക്കളുടെ വിവാഹം, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയുള്ളവർക്ക് മുൻഗണന നൽകണം. വിരമിക്കൽ ആനുകൂല്യം നൽകുന്നതിനായി വരുമാനത്തിന്‍റെ പത്ത് ശതമാനം എല്ലാ മാസവും മാറ്റിവെക്കണമെന്ന സുപ്രീംകോടതി ഉത്തരമുണ്ട്. ഇത് ഏപ്രിൽ മുതൽ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ രൂക്ഷമായ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ആനുകൂല്യങ്ങൾ നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്വത്ത് വിറ്റ് പണം കണ്ടെത്തൂ എന്നായിരുന്നു വിമർശനം. ആനുകൂല്യങ്ങൾ നൽകാൻ പണമില്ലെങ്കിൽ ജീവനക്കാരെ വിരമിക്കാൻ അനുവദിക്കരുതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു.
വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്‍റെ പത്ത് ശതമാനം മാറ്റിവെക്കുന്നത് എന്തടിസ്ഥാനത്തിലാണ് നിർത്തിയതെന്ന് കോടതി ചോദിച്ചു. വിരമിച്ച 198 കെഎസ്ആർടിസി ജീവനക്കാർക്ക് പകുതി പെൻഷൻ ആനുകൂല്യങ്ങൾ നൽകാനായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്.