എറണാകുളം: സംസ്ഥാനത്തെ തെരുവ് നായ വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. പൊതുനിരത്തിലെ ആക്രമണകാരികളായ നായകളെ കണ്ടെത്തി മാറ്റി പാര്‍പ്പിക്കണമെന്ന് കോടതി. തെരുവ് നായകളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.
നായകളെ മാറ്റി പാര്‍പ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 16) സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് നിര്‍ദേശം. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വളർത്ത് നായയെ തല്ലിക്കൊന്ന സംഭവത്തിൽ സ്വമേധയ എടുത്ത ഹർജിയും അമിക്കസ് ക്യൂറി റിപ്പോർട്ടും പരിഗണിച്ചാണ് കോടതി ഇടപെടൽ.
തെരുവ് നായകളെ കൊന്നെടുക്കി ജനം നിയമം കൈയിലെടുക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നായകളെ കൂട്ടത്തോടെ തല്ലിക്കൊല്ലുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം എറണാകുളം എരൂരിൽ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തിലും ഡിവിഷൻ ബഞ്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും.