എറണാകുളം: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി തീർപ്പാക്കി. പൊന്നമ്പലമേട്ടിൽ പ്രവേശനം നിയന്ത്രിച്ചുവെന്നും നിരീക്ഷണം ഏർപ്പെടുത്തിയതായുമുള്ള വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ടാണ് കോടതി കേസ് തീർപ്പാക്കിയത്. വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതെ നോക്കണമെന്നും കൃത്യമായ നിരീക്ഷണമുണ്ടാകണമെന്നും പെരിയാർ വെസ്‌റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്‌ടർക്ക് കോടതി നിർദേശം നൽകി.
അനധികൃത പ്രവേശനം അനുവദിക്കരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. പൂജ നടത്തിയ ആളെ അറസ്‌റ്റ് ചെയ്‌തിരുന്നുവെന്നും അന്വേഷണം പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലായിരുന്നുവെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചിരുന്നു. തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗസംഘമാണ് പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ വനം വകുപ്പ് കേസെടുത്തിരുന്നു. സംഘം തന്നെയായിരുന്നു ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
വിശദീകരണം തേടി ഹൈക്കോടതി: അതീവ സുരക്ഷ മേഖലയായ ശബരിമല പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. സംഭവത്തില്‍ സര്‍ക്കാറിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും കോടതി വിശദീകരണം തേടിയിരുന്നു. ദേവസ്വം ബെഞ്ചിന്‍റേതായിരുന്നു നടപടി.
വിഷയത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ വനം വകുപ്പും കേസെടുത്തിട്ടുണ്ട്. റാന്നി ഫോറസ്‌റ്റ് ഡിവിഷന് കീഴിലുള്ള പൊന്നമ്പലമെട് ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷ മേഖല കൂടിയാണ്.
തമിഴ്‌നാട് സ്വദേശിയായ നാരായണ സ്വാമിയുടെ നേതൃത്വത്തിലാണ് സംഘം പൂജ നടത്തിയത്. സംഭവത്തില്‍ നാരായണ സ്വാമി അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂജയ്‌ക്കെത്തിയ സംഘത്തിന് സഹായം ചെയ്‌ത് നല്‍കിയ വനം വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരായ സാബു, രാജേന്ദ്രന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. പൂജയ്‌ക്ക് നേതൃത്വം നല്‍കിയ നാരായണ്‍ അടക്കമുള്ള പ്രതികള്‍ നിലവില്‍ ഒളിവിലായിരുന്നു.
സംഘത്തെ കണ്ടെത്തുന്നതിന് തമിഴ് നാട്ടിലേയ്‌ക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
വിവരം പുറംലോകം അറിയുന്നത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ: ഇക്കഴിഞ്ഞ മെയ് എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ജീപ്പിലും കെഎസ്‌ആര്‍ടിസി ബസിലും ശേഷം 10 കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്‌തുമാണ് പൂജ സംഘം പൊന്നലമേട്ടില്‍ എത്തിയത്. മേഖലയിലേക്കുള്ള യാത്രക്കിടെ സംഘം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഇതോടെയാണ് സംഘത്തിനെതിരെ കേസെടുത്തത്.
പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊന്നമ്പലമേട്ടില്‍ തന്നെയാണോ പൂജ നടന്നതെന്ന് ഉറപ്പാക്കണമെന്നും പൂജ നടന്നത് പൊന്നമ്പലമേട്ടിലാണെങ്കില്‍ അത് ഗൗരവകരമായ കാര്യമാണെന്നും കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ട് വരണമെന്നും മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു.
പ്രവേശനം വിലക്കി ഹൈക്കോടതി: പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം ഹൈക്കോടതി നിയന്ത്രിച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പലമേട്ടില്‍ പ്രവേശിക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിര്‍ദേശം നല്‍കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.