എറണാകുളം: കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. ജീവനക്കാരുടെ പിന്നാലെയാണ് അന്വേഷണസംഘമെന്നും വമ്പന്‍ സ്രാവുകളെ രക്ഷിക്കാനുള്ള ശ്രമമാണോ ഇതെന്നും കോടതി ചോദിച്ചു. കാരക്കോണം മെഡി. കോളജിലെ എംബിബിഎസ്, എംഡി സീറ്റുകളുമായി ബന്ധപ്പെട്ട് വൻ തോതിൽ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി.
കേസില്‍ സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലം, കോളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം ഉൾപ്പെടെയുള്ള പ്രതികളുടെ പങ്ക് സംബന്ധിച്ച അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കേസിന്‍റെ അന്വേഷണപുരോഗതി പത്ത് ദിവസത്തിനകം അറിയിക്കണമെന്നും കോടതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. അന്വേഷണം വൈകുന്നതിനേയും കോടതി വിമര്‍ശിച്ചു. കാരക്കോണം മെഡി. കോളജിലെ എംബിബിഎസ്, എംഡി സീറ്റ് നല്‍കുന്നതിന് നിയമവിരുദ്ധമായി കുട്ടികളിൽ നിന്നും പണം വാങ്ങുകയും പണം നൽകിയ വിദ്യാർഥികൾക്ക് സീറ്റ് ലഭിച്ചില്ലെന്നുമായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണമാണ് കോടതി നിർദേശിച്ചത്.