എറണാകുളം : സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ലേഡീസ് ഹോസ്റ്റലുകളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുത് എന്നുപറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ പൂട്ടിയിടുന്നതല്ല പരിഹാരം. ആണധികാര വ്യവസ്ഥയുടെ ഭാഗമാണിത്തരം നിയന്ത്രണങ്ങൾ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
രാത്രി 9.30 കഴിഞ്ഞാൽ മാത്രമേ ഇവർ അക്രമിക്കപ്പെടൂ എന്ന് തോന്നുന്നുണ്ടോ ?. അക്രമികളെയാണ് പൂട്ടിയിടേണ്ടത്. വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽപോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സംസ്ഥാനത്തെന്നും കോടതി വിമർശിച്ചു.
രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്‌ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശന സ്വരത്തിലുള്ള നിരീക്ഷണങ്ങൾ. സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും ലിംഗവിവേചനം പാടില്ലെന്നും യുജിസി വിജ്ഞാപനങ്ങൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണത്തിന്‍റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.